കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്കായി ലോക് ദ ഹൗസ് പദ്ധതി : ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടിന് മുന്‍പില്‍ സ്റ്റിക്കര്‍ പതിപ്പിക്കും ; നേരിട്ടുള്ള നിരീക്ഷണത്തിനൊപ്പം വീഡിയോ കോള്‍ മുഖേനെയും നിരീക്ഷണം ; ക്വാറന്റൈന്‍ കര്‍ശനമാക്കാന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഹോം ക്വാറന്റൈന്‍ കര്‍ശനമാക്കുന്നതിനായി ‘ലോക്ക് ദ ഹൗസ്’ പദ്ധതിയാണ് ദുരന്തനിവാരണ അതോറിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വീടുകളില്‍ മടങ്ങിയെത്തിയവരും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റും ബുധനാഴ്ചമുതല്‍ നാട്ടിലെത്തി ഒരാഴ്ചത്തെ ക്വാറന്റൈന്‍ വാസത്തിനുശേഷം വീട്ടിലെത്തുന്നവരും കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ദുരന്തനിവാരണ അതോറിട്ടിയുടെ ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് നിന്നും മടങ്ങിയെത്തുന്നവരില്‍ നിന്നും ഹോം ക്വാറന്റൈനില്‍ ഒരു വീഴ്ചയും ഉണ്ടാകാതിരിക്കാനാണ് ‘ലോക്ക് ദ ഹൗസ്’ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഇതിനായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍’എന്നായിരിക്കും സ്റ്റിക്കറില്‍ എഴുതിയിരിക്കുക.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടിലേക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ക്വാറന്റൈന്‍ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രാദേശികമായി നിരീക്ഷണവുമുണ്ടാകും.
ഇതിന് പുറമെ ഇവരെ നിരീക്ഷിക്കുന്നതിനായി ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ടു പാളികളായുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കുന്നത്.
അതാത് വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള സമിതിക്കായിരിക്കും വാര്‍ഡുതലത്തില്‍ ഈ പ്രവര്‍ത്തനത്തിന്റെ ചുമതല. അതിനു കീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണ സമിതിയുമുണ്ടാകും.
പ്രദേശിക സമിതിയുടെ നിരീക്ഷണത്തിന് പുറമെ പൊലീസിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും. നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈല്‍ ആപ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴിയും ക്വാറന്റൈനില്‍ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. എന്നാല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നും അധികകൃതര്‍ അറിയിച്ചിട്ടുണ്ട്.