പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും ശ്രദ്ധിക്കുക: ഹോം ക്വാറന്‍റയിന്‍ ഇങ്ങനെ; മറിച്ചായാൽ നഷ്ടം നാടിനും നമുക്കും

പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും ശ്രദ്ധിക്കുക: ഹോം ക്വാറന്‍റയിന്‍ ഇങ്ങനെ; മറിച്ചായാൽ നഷ്ടം നാടിനും നമുക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം : കൊറോണയെ കേരളം പ്രതിരോധിക്കുകയാണ്. കൊറോണക്കാലത്ത് വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി നൂറ് കണക്കിന് ആളുകളാണ് ജില്ലയിലേയ്ക്ക് എത്തിയിരിക്കുന്നത്. ഇവരിൽ പലർക്കും ഹോം ക്വാറൻ്റൈനും , ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ നിർദേശിക്കുന്ന ഏതെങ്കിലും കേന്ദ്രത്തിൽ കഴിയുന്നതിനെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ എന്നത് കൊണ്ട് ഉദേശിക്കുന്നത്. എന്നാൽ വീടുകളിൽ തന്നെ കഴിയുന്നതാണ് ഹോം ക്വാറൻ്റൈൻ. ഹോം ക്വാറൻ്റൈനിൽ കഴിയുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം നൽകിയ കുറിപ്പ് ഇങ്ങനെ –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂര്‍ണമായും വായു സഞ്ചാരവും പ്രത്യേക ടോയ്ലറ്റുമുള്ള മുറിയിലാണ് താമസിക്കേണ്ടത്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും.

എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതെ ജനാലകള്‍ തുറന്നിട്ട് മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം.

യാതൊരു കാരണവശാലും മുറി വിട്ട് പുറത്തു പോകരുത്. കുടുംബാംഗങ്ങള്‍ ആരും ഈ മുറിയില്‍ പ്രവേശിക്കുകയുമരുത്.

ഭക്ഷണം ഉള്ളില്‍നിന്ന് എടുക്കാവുന്ന രീതിയില്‍ മുറിക്കു പുറത്ത് വയ്ക്കണം.

ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്ന പാത്രങ്ങള്‍ സോപ്പ് ഉപയോഗിച്ചോ അണുനാശിനി ഉപയോഗിച്ചോ പ്രത്യേകം കഴുകണം.

ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ മൊബൈല്‍ ഫോണ്‍ മറ്റുള്ളവര്‍ക്ക് കൈമാറരുത്.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കണം.

കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.

ക്വാറന്‍റയിനില്‍ കഴിയുന്നയാള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.

വസ്ത്രങ്ങള്‍ 20 മിനിറ്റ് ബ്ലീച്ചിംഗ് ലായനിയില്‍ മുക്കിവച്ചശേഷം സോപ്പ് ഉപയോഗിച്ച് കഴുകണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കിവച്ച് അരമണിക്കൂറിന് ശേഷം കിട്ടുന്ന തെളിയാണ് ബ്ലീച്ചിംഗ് ലായനി.

വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലുള്ളവര്‍ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുകയുമരുത്.

വൈറസ് ബാധയുടെ ലക്ഷണങ്ങളോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം ഉപയോഗിക്കുകയോ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്യണം.