
അയൽവാസികളുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം ; അയൽക്കാർക്കെതിരെ പരാതി നൽകി മകൾ
കോഴിക്കോട് : ഉള്ള്യേരിയിൽ വീട്ടമ്മയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മകളുടെ പരാതി. അയല്‍വാസികളായ ഒരുകുടുംബത്തിലെ നാലുപേർക്കെതിരെയാണ് മകള്‍ അത്തോളി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഉള്ള്യേരി പാലോറ കാവോട്ട് ഷൈജിയാണ് (42) ജൂണ്‍ 19 നു പുലർച്ചെ ആത്മഹത്യ ചെയ്തത്. തലേദിവസം രാവിലെ ആരോപണവിധേയമായ കുടുംബത്തിലെ രണ്ടുപേർ വീട്ടിലെത്തി ഷിജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
പ്രസ്തുത കുടുംബത്തിലെ സ്ത്രീയും മകളുമാണ് ഇവരുടെ വീട്ടിലെത്തിയത്. ഷിജിയുടെ ചില ഫോട്ടോകള്‍ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് കുടുംബത്തെ ഭീഷണിപ്പടുത്തിയതായും ബന്ധുക്കൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ മനംനൊന്താണ് ഇവർ പുലർച്ചെ വീട്ടുമുറ്റത്തെ മരത്തില്‍ ഷാളില്‍ തൂങ്ങിമരിച്ചത്. മരണപ്പെട്ട ഷിജിയുടെ രണ്ടു കുട്ടികളും വിദ്യാർഥികളാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത അത്തോളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.