
കൊച്ചി: കുടിയേറ്റവും പ്രവാസവുമൊന്നും മലയാളികൾക്ക് പുതിയ സംഗതിയല്ലെങ്കിലും കോവിഡ് കാലത്തിനുശേഷമാണ് ഉപരിപഠനത്തിനും ജോലിക്കുമായി ചെറുപ്പക്കാർ കൂട്ടമായി കുടിയേറാൻ തുടങ്ങിയത്.
വിദേശികളുടെ തള്ളിക്കയറ്റം മൂലം കുടിയേറ്റ നിയമങ്ങൾ ശക്തമാക്കാൻ പല രാജ്യങ്ങളും നിർബന്ധിതരായി. പല രാജ്യങ്ങളിലും കുടിയേറ്റക്കാരെ കായികമായി നേരിടുന്ന അവസ്ഥയിലെത്തി നിൽക്കുന്നു കാര്യങ്ങൾ. എന്നാലും പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള കുടിയേറ്റം ഇനിയും തുടരുമെന്നാണ് വിലയിരുത്തൽ.
ചെറുപ്പക്കാർ നാടുവിടുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? കുറച്ചുവർഷങ്ങൾക്ക് മുൻപുള്ള റിപ്പോർട്ട് പ്രകാരം 13 ലക്ഷത്തിലേറെ വീടുകൾ കേരളത്തിൽ ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുന്നു. പല വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളവരാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങളായി പ്രവാസികളായതിനാൽ ഇവരുടെ മക്കളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഉന്നതിയിലാകും. ഹോം നഴ്‌സിനെയും ജോലിക്കാരെയുമൊക്കെ വീട്ടിൽ ഏർപ്പെടുത്തും.
ഈയൊരു സാമൂഹിക സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതസായാഹ്നവും കൂട്ടായ്മയും ഒരുക്കുന്ന സീനിയർ ലിവിങ്, കെയർ ഹോമുകളുടെ പ്രസക്തി വർധിക്കുകയാണ്. . ‘അനാഥാലയം’ സെറ്റപ്പിനോട് പൊതുവെ സമൂഹത്തിലുള്ള താൽപര്യക്കുറവും ഈ ബിസിനസിന് ഗുണകരമാണ്.
പ്രായമായ മാതാപിതാക്കളെ ‘അനാഥാലയത്തിൽ നടതള്ളി’ എന്ന ടോണിലുള്ള നാട്ടുകാരുടെ കുറ്റപ്പെടുത്തലും ഒഴിവാക്കാം. ‘അവർ സീനിയർ ലിവിങ് ഹോമിൽ ഹാപ്പിയായി കഴിയുന്നു’ എന്ന് നാലാളുടെ മുന്നിൽ കുറ്റബോധമില്ലാതെ പറയാം.