
മലപ്പുറം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവങ്ങള്‍ നടക്കുന്നത് മലപ്പുറത്ത്. ഏപ്രില്‍ മുതല്‍ സെപ്തംബർ വരെ സംസ്ഥാനത്ത് 200 വീട്ടുപ്രസവങ്ങള്‍ നടന്നപ്പോള്‍ ഇതില്‍ 93 എണ്ണവും മലപ്പുറത്താണ്.
തൊട്ടുപിന്നില്‍ കണ്ണൂരാണ് – 15 പ്രസവങ്ങള്‍. ആരോഗ്യപ്രവർത്തകർക്ക് ലഭ്യമായ കണക്ക് പ്രകാരമാണിത്. അക്യൂപംക്ചർ, നാച്ചുറോപ്പതിയുടെ മറവില്‍ ചിലരും വാക്സിൻ വിരുദ്ധ കൂട്ടായ്മക്കാരും വീട്ടുപ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുണ്ട്. അക്യൂപംക്ചർ മേഖലയിലെ ഔദ്യോഗിക സംഘടനകള്‍ ഈ പ്രവണതയെ എതിർക്കുന്നുണ്ട്. സിസേറിയൻ കഴിഞ്ഞവർ, ആദ്യപ്രസവക്കാർ അടക്കം വീട്ടുപ്രസവങ്ങള്‍ക്ക് വിധേയരാകുന്നതായി ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്ബ് വീട്ടുപ്രസവത്തെ തുടർന്ന് കുട്ടി മരിച്ച സംഭവം ജില്ലയിലുണ്ടായിട്ടുണ്ട്.
അമിതരക്തസ്രാവം ഉള്‍പ്പെടെയുള്ള അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൊണ്ടുമാത്രം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. ഗർഭകാലത്തിന്റെ തുടക്കം മുതല്‍ ആശുപത്രി സൗകര്യങ്ങള്‍ മനഃപൂർവ്വം വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്. വാക്സിനേഷൻ, അയണ്‍ഫോളിക് ഗുളികകള്‍, സ്‌കാനിംഗ് എന്നിവയ്ക്ക് തയ്യാറാവില്ല. പ്രസവമടുക്കുന്നത് വരെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ കാണിച്ചശേഷം പ്രസവത്തിന് ആശുപത്രികളെ ഒഴിവാക്കുന്ന കൂട്ടരുമുണ്ട്. ഗർഭിണിയുടെ വിവരങ്ങള്‍ അറിയാൻ എത്തുന്ന ആശാപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കും. നിർദ്ദേശങ്ങള്‍ അനുസരിക്കാനും ഇവർ തയ്യാറാവില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബത്തിലോ സൗഹൃദവലയങ്ങളിലോ നടക്കുന്ന വീട്ടുപ്രസവങ്ങള്‍ അപകടം കൂടാതെ നടന്നാല്‍ ഇതുപ്രചരിപ്പിച്ചാണ് കൂടുതല്‍ പേരെ ആകർഷിക്കുന്നത്. പ്രസവം രോഗമല്ല, പ്രകൃതിദത്ത പ്രക്രിയയാണ്, ഭക്ഷണക്രമം ശ്രദ്ധിക്കുകയും ആവശ്യമായ വ്യായാമങ്ങളും ചെയ്താല്‍ കുഞ്ഞിന് വളർച്ചയെത്തുമ്ബോള്‍ സ്വാഭാവിക പ്രസവം നടക്കും, ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല എന്നിങ്ങനെയാണ് ഇവരുടെ പ്രചാരണം. ഗർഭധാരണത്തിലും പ്രസവത്തിലും 14 ശതമാനം പേരില്‍ സങ്കീർണ്ണതകള്‍ ഉണ്ടാവാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇവർക്ക് മുൻകരുതലും സമയബന്ധിതമായ ചികിത്സയും നല്‍കിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവനും അപകടത്തിലാവും. വീട്ടുപ്രസവത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകളും ലഭിക്കാറില്ല.
തിരുവനന്തപുരം – 8
കൊല്ലം – 7
പത്തനംതിട്ട – 1
ആലപ്പുഴ – 6
കോട്ടയം – 3
ഇടുക്കി – 12
എറണാകുളം – 14
തൃശൂർ – 6
പാലക്കാട് – 3
മലപ്പുറം – 93
കോഴിക്കോട് – 11
വയനാട് – 15
കണ്ണൂർ – 12
കാസർകോട് – 9



