
സ്വന്തം ലേഖകൻ
തൊടുപുഴ: ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ ഇടുക്കി ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിക്കായി അടച്ചതോടെയാണ് ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചത്.ശനിയാഴ്ച മുതല്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു.
കാലാവസ്ഥ കൂടി അനുകൂലമായതോടെയാണ് ക്രിസ്മസ്, പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നും കൂടുതല്‍ പേര്‍ കുടുംബസമേതം ഇടുക്കിയിലേക്ക് എത്തിത്തുടങ്ങിയത്. വരും ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഡിടിപിസിയുടെയും പോലീസിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജാ അവധിക്കു ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. അവധി ദിവസങ്ങളായ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് 75,052 പേരാണ്. ക്രിസ്മസ്, പുതുവത്സരത്തിനു എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇതിന്‍റെ ഇരട്ടിയോളമാകുമെന്നാണ് കണക്കുകൂട്ടല്‍. അവധി തുടങ്ങിയ ശനിയാഴ്ച മാത്രം 19,336 പേരാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് കൂടുല്‍ സഞ്ചാരികളെത്തിയത്. ഇവിടെ 6476 പേര്‍ ഒരു ദിവസം സന്ദര്‍ശം നടത്തി.
വാഗമണ്‍ മെഡോസ് -5692, പാഞ്ചാലിമേട് -1036, മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡൻ-2025, ഇടുക്കി ഹില്‍വ്യു പാര്‍ക്ക് -816, ശ്രീനാരായണ പുരം-1228, അരുവിക്കുഴി -108, രാമക്കല്‍മേട് -1615, മാട്ടുപ്പെട്ടി -340 എന്നിങ്ങനെയാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. ഇതിനു പുറമെ കാല്‍വരിമൗണ്ട്, പരുന്തുംപാറ, അഞ്ചുരുളി, മലങ്കര ഡാം, തൊമ്മൻകുത്ത് എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ വ്യാപകമായി എത്തുന്നുണ്ട്.
വാഗമണ്ണില്‍ ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി തുറന്നതാണ് ഇത്തവണ ഇവിടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാൻ കാരണം. മൊട്ടക്കുന്നുകളും പൈൻമരക്കാടുകളും ആയിരുന്നു നേരത്തെ മുഖ്യ ആകര്‍ഷണമെങ്കിലും ഇന്ത്യയിലേറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണ് വാഗമണ്ണിന്‍റെ പെരുമ വര്‍ധിച്ചത്.
ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിച്ചു കഴിഞ്ഞു. ഇടുക്കി, ചെറുതോണി അണക്കെട്ടുകളും അവധി കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുൻ നിര്‍ത്തി ഇത്തവണ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നെങ്കിലും മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടതോടെ പിന്നീട് തുറന്നു നല്‍കാൻ തീരുമാനിക്കുകയായിരുന്നു.
അവധിയാഘോഷം മുൻ നിര്‍ത്തി ഡിടിപിസിയുടെ നേതൃത്വത്തില്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അലങ്കാര ദീപങ്ങള്‍ കൊണ്ട് വര്‍ണാഭമാക്കിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു. വാഹനങ്ങള്‍ കൂടുതല്‍ എത്തുന്നതിനാല്‍ പോലീസിന്‍റെ നേതൃത്വത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പാര്‍ക്കിംഗിനും ആവശ്യമായ ക്രമീകരണങ്ങളും നടത്തി വരുന്നുണ്ട്. ഇതിനായി പ്രത്യേക ട്രാഫിക് കമ്മിറ്റികളും ചേര്‍ന്നു. എങ്കിലും അടിമാലി -മൂന്നാര്‍ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം -വാഗമണ്‍-ഏലപ്പാറ റോഡ്, കാഞ്ഞാര്‍ -പുള്ളിക്കാനം റോഡ് തുടങ്ങിയ പാതകളില്‍ വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനിടയുണ്ട്.
അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചതോടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക്കിംഗ് വര്‍ധിച്ചു. മാസങ്ങള്‍ക്കു മുന്പു തന്നെ പ്രധാന ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും മുറികളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഫോണ്‍ മുഖാന്തിരവും ഓണ്‍ലൈൻ വഴിയുമായിരുന്നു ബുക്കിംഗുകള്‍. സന്ദര്‍ശകര്‍ക്കായി ടൂര്‍ ഓപ്പര്‍മേറ്റര്‍മാര്‍ മുഖേന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
തിരക്ക് വര്‍ധിച്ചതോടെ നിരക്കുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ലഹരിപാര്‍ട്ടികളും മറ്റും അരങ്ങേറാൻ ഇടയുള്ളതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലീസിന്‍റെയും എക്സൈസിന്‍റെയും നിരീക്ഷണവും ശക്തമാക്കി.



