play-sharp-fill
ആർഎൽവി പുഷ്പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയകരം

ആർഎൽവി പുഷ്പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയകരം

ബെംഗളൂരൂ : ഐസ്‌ആ‌ർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎല്‍വിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം വിജയകരം.

ഇന്ന് രാവിലെ നടന്ന പരീക്ഷണത്തില്‍ പുഷ്പക് ലാൻഡ് ചെയ്തത് രാവിലെ 7.10ഓടെയാണ്. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച്‌ പുഷ്പക് എന്ന് പേരിട്ട ആർഎല്‍വി പേടകത്തെ പൊക്കിയെടുത്ത് നാലരക്കിലോമീറ്റർ ഉയരത്തില്‍ നിന്ന് താഴേക്കിട്ടായിരുന്നു പരീക്ഷണം. സ്വയം ദിശയും വേഗവും നിയന്ത്രിച്ച്‌ പേടകം റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. ആർഎല്‍വിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓർബിറ്റല്‍ റീ എൻട്രി പരീക്ഷണമാണ് അടുത്ത ലക്ഷ്യം.

കഴിഞ്ഞ വർഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആർഎല്‍വി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ഒന്നാം പരീക്ഷണത്തിന് ഉപയോഗിച്ച അതേ പേടകമാണ് രണ്ടാം പരീക്ഷണത്തിനും ഐഎസ്‌ആർഒ ഉപയോഗിച്ചത്. ആദ്യ പരീക്ഷണത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ലാൻഡിങ്ങ് ഗിയർ കൂടുതല്‍ ബലപ്പെടുത്തിയിരുന്നു. മാർച്ച്‌ 22നായിരുന്നു രണ്ടാം പരീക്ഷണം. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത രണ്ടാം പരീക്ഷണത്തില്‍ ഉറപ്പാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെയാണ് യഥാർത്ഥ അഗ്നിപരീക്ഷ. പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും.

ജിഎസ്‌എല്‍വി റോക്കറ്റിന്‍റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്‌എല്‍വിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റ്. അതിന്‍റെ തലപ്പത്ത് ആർഎല്‍വി. അടുത്ത വർഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലാണ് പേടകം വന്നിറങ്ങുക.