സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലുടനീളം പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തി സി.പി.എം

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലുടനീളം പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തി സി.പി.എം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി സിപിഎം പാർട്ടി ഓഫീസുകളിൽ ദേശീയപതാക ഉയർത്തി. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ എ.കെ സെന്ററിൽ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി.

പാർട്ടി നേതാക്കളായ എം വിജയകുമാർ, പി.കെ ശ്രീമതി, എം.സി ജോസഫൈൻ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയർത്തലിന് സാക്ഷ്യം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയർത്തി.

സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ പതാക ഉയർത്തി. സമാനമായി മറ്റ്‌ ജില്ലകളിലും ജില്ലാ കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തി.

പൂർണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു ഇതുവരെ സി.പി.എം. നിലപാട്. അതിനാൽ, സ്വാതന്ത്ര്യദിനം ഔദ്യോഗികമായി ആചരിക്കാൻ പാർട്ടി തയ്യാറായിരുന്നില്ല.

‘ദേശീയതാവാദം’ ആർ.എസ്.എസ്. രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ്, അതിനെ പ്രതിരോധിക്കാൻ സ്വാതന്ത്ര്യദിനാഘോഷം നടത്താനും സ്വാതന്ത്ര്യസമരത്തിൽ പാർട്ടിയുടെ പങ്ക് വിശദീകരിച്ച് പ്രചാരണം നടത്താനും സി.പി.എം. കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള സംഭാവന വളരെ വലുതാണെന്നായിരുന്നു ഇതേക്കുറിച്ച് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

ഇതിനൊപ്പം, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തതും ജനാധിപത്യ മതേതര ഇന്ത്യയെന്ന കാഴ്ചപ്പാടിനെ തകർക്കുകയും ചെയ്യുന്ന ആർ.എസ്.എസിനെ തുറന്നുകാട്ടുകയും ചെയ്യണമെന്നാണ് സി.പി.എം. തീരുമാനിച്ചത്.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം പാർട്ടി പരിപാടിയായി ഏറ്റെടുത്ത് നടത്തി സിപിഎം പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തി.