പൊന്നമ്പലമേട്ടിൽ ദീപംതെളിയിക്കാൻ മല അരയരെ അനുവദിക്കണം; ഹിന്ദു ഐക്യവേദി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള പൊന്നമ്പലമേട്ടിൽ ദീപംതെളിയിക്കാൻ ഉള്ള അവകാശം മലഅരയസമൂഹത്തിന് തിരികെ നൽകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് മകരസംക്രമ സമയത്ത് ആകാശത്ത് മകരജ്യോതി തെളിയുമ്പോൾ പൊന്നമ്പലമേട്ടിൽ ദീപം തെളിയിക്കുക എന്നത്. ശബരിമല പൂങ്കാവനത്തിന്റെ കാവൽക്കാരും, അയ്യപ്പന്റെ സന്തത സഹചാരികളുമായ മല അരയ സമൂഹമാണ് ഇത് നിർവ്വഹിച്ചു വന്നത്. നൂറ്റാണ്ടുകളായി തുടർന്ന് പോരുന്ന മല അരയരുടെ അവകാശം കവർന്നെടുത്ത് ദേവസ്വംബോർസ് ശാന്തിമാരുടെ അധീനതയിലാക്കിയത് പുന:പരിശോധിക്കാൻ ദേവസ്വംബോർഡ് തയ്യാറാകണം. മല അരയ സമൂഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് പന്തളം രാജകൊട്ടാരവും, തന്ത്രി കുടുംബവും, ഹിന്ദു സംഘടനാ നേതൃത്വവും ഈ ആവശ്യത്തിന് പിന്തുണ നൽകിയിട്ടുണ്ട്. മാറി മാറി ഭരിച്ച സർക്കാരുകൾക്കും, ദേവസ്വം ബോർഡുകൾക്ക് മുന്നിലും ഈ ആവശ്യമുന്നയിച്ച് വിവിധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി കാത്തിരിക്കുകയാണ് മല അരയ സമൂഹം. നോമിനിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് രാജഗോപാലൻനായരാണ് ഈ ആവശ്യം ആദ്യം തള്ളിയതെന്ന് ഇ.എസ്.ബിജു പറഞ്ഞു. മല അരയ സമൂഹം നിരോധനം ലംഘിച്ച് ദീപം തെളിയിക്കാൻ നടത്തിയ ഭക്തജന മാർച്ചിനെ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കേരള സർക്കാരാണ്. പ്രക്ഷോഭ സമയത്ത് കൊളുത്തി വച്ച ദീപംമൂഴിക്കൽ ക്ഷേത്രത്തിൽ കെടാവിളക്കായി മല അരയ സമൂഹം കാത്തു സൂക്ഷിക്കുമ്പോൾ ചില സംഘടനാ നേതാക്കൾ സർക്കാരിന്റെ സാമ്പത്തിക പ്രലോഭനങ്ങൾക്ക് വഴങ്ങി അയ്യപ്പധർമ്മത്തിനും, ആചാരത്തിനും വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ഇ.എസ്.ബിജു. കുറ്റപ്പെടുത്തി.