play-sharp-fill
നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം ; സ്തനാർബുദത്തെ കുറിച്ചറിയാം…സൂചനകള്‍ എന്തൊക്കെ… സ്തനസൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണോ…കൂടുതലറിയാം

നടി ഹിന ഖാന് സ്തനാര്‍ബുദം; മൂന്നാം സ്റ്റേജില്‍; രോഗവിവരം പങ്കുവച്ച് താരം ; സ്തനാർബുദത്തെ കുറിച്ചറിയാം…സൂചനകള്‍ എന്തൊക്കെ… സ്തനസൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണോ…കൂടുതലറിയാം

സ്വന്തം ലേഖകൻ

ടെലിവിഷൻ- ബിഗ്ബോസ്- സിനിമ താരം ഹിന ഖാന് സ്തനാർബുദം സ്ഥിരീകരിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗത്തിന്റെ തേഡ് സ്റ്റേജിലാണെന്ന് വ്യക്തമാക്കിയ ഹിന ഖാൻ തനിക്ക് സ്വകാര്യത അനുവദിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടു. രോഗാവസ്ഥയെ അതിജീവിച്ച്‌ മടങ്ങിയെത്തുമെന്നും താങ്ങും തണലുമായി കുടുംബം തന്നോടൊപ്പമുണ്ടെന്നും അവർ അറിയിച്ചു.


ഹിന ഖാന്റെ എല്ലാവരേയും അഭിസംബോധന ചെയ്താരംഭിക്കുന്ന സാമൂഹികമാധ്യമക്കുറിപ്പ് ഈ വിധത്തിലാണ്. “എന്റെ ആരാധകരോടും എന്നെക്കുറിച്ച്‌ ആശങ്കപ്പെടുന്നവർക്കുമായി എന്നെക്കുറിച്ച്‌ അടുത്തിടെ പ്രചരിച്ച ഒരു അഭ്യൂഹത്തെക്കുറിച്ച്‌ വ്യക്തമാക്കാം, ഞാനിപ്പോള്‍ സ്താനാർബുദത്തിന്റെ തേഡ് സ്റ്റേജിലാണ്. ഏറെ വെല്ലുവിളിയുയർത്തിയ രോഗനിർണയമാണെങ്കിലും ഞാൻ നന്നായിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുകയാണ്. ഈ രോഗാവസ്ഥയെ ഞാൻ തീർച്ചയായും അതിജീവിക്കും. ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഈ രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും ഞാൻ സജ്ജയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അവസരത്തില്‍ പരിഗണനയും സ്വകാര്യതയും നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. നിങ്ങളെനിക്ക് പകരുന്ന സ്നേഹത്തേയും കരുത്തിനേയും അനുഗ്രഹത്തേയും ഞാൻ ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍, രോഗത്തെ പ്രതിരോധിച്ച മാർഗങ്ങള്‍, പിന്തുണയേകുന്ന നിർദേശങ്ങള്‍ എന്നിവയെല്ലാം ഈ യാത്രയില്‍ എനിക്ക് താങ്ങായിരിക്കും. ഈശ്വരാനുഗ്രഹത്താല്‍ ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരും ഇതിനെ പോസിറ്റീവായി നേരിടാൻ മാനസികമായി ഒരുങ്ങിയിരിക്കുന്നു. ഈ അനാരോഗ്യത്തെ അതിജീവിച്ച്‌ പൂർണാരോഗ്യം വീണ്ടെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും സ്നേഹവും എനിക്കാവശ്യമാണ്”, സ്നേഹത്തോടെ ഹിന.

നിരവധി സഹതാരങ്ങള്‍ ഹിനയ്ക്ക് ആയുരാഗ്യസൗഖ്യം നേർന്നു. ഇന്ത്യൻ ടെലിവിഷൻ മേഖലയിലെ പ്രശസ്തരായ താരങ്ങളിലൊരാളാണ് ഹിന ഖാൻ. ബിഗ് ബോസ്, ഖതരോം കെ ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളിലും ഹിന പങ്കെടുത്തിട്ടുണ്ട്. കൂടാതെ സിനിമകളിലും ഹിന അഭിനയിച്ചു. നിരവധി ആരാധകരുള്ള താരം കൂടിയാണ് ഹിന ഖാൻ.

സ്തനാർബുദത്തെ കുറിച്ചറിയാം

ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്ന രോഗങ്ങളില്‍ ഒന്നാണ് കാൻസർ. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. സ്തനാർബുദം വളരെ നേരത്തേ തന്നെ കണ്ടെത്താനും മാർഗങ്ങളുണ്ട്. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം.

സ്വയം പരിശോധന

20 വയസ്സു മുതല്‍ പരിശോധന തുടങ്ങാം. ആർത്തവം കഴിഞ്ഞ ഉടനേയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. എല്ലാ മാസങ്ങളിലും ആവർത്തിക്കണം. പരിശോധനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്.

1) കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് ഇരു മാറുകളും വീക്ഷിക്കുക. കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് സ്തനങ്ങള്‍ വീക്ഷിച്ച്‌ മൂന്നു തരത്തില്‍ വേണം പരിശോധിക്കാൻ. കൈകള്‍ തലയ്ക്കു മുകളില്‍ ഉയർത്തിപ്പിടിച്ചുകൊണ്ടും ഇടുപ്പില്‍ കൈകള്‍ വച്ചുകൊണ്ടും അല്പം മുന്നോട്ട് ആഞ്ഞു നില്‍ക്കുന്ന വിധത്തിലും വേണം സ്തനങ്ങള്‍ വീക്ഷിക്കാൻ.

2) ഇരുമാറിലും കൈവിരലുകള്‍ കൊണ്ട് സ്പർശിച്ചു അവയിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കുക. സ്പർശനത്തിലൂടെയും മാറിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കണം. ഇതിനായി മലർന്നു കിടന്നതിനു ശേഷം ഇടതു കൈ തലയുടെ പിൻവശത്തായി വയ്ക്കുക. ഒപ്പം ഇടതുതോള്‍ ഒരു തലയണ കൊണ്ട് അല്പം ഉയർത്തി വെയ്ക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച്‌ ഇടതു മാറ് പരിശോധിക്കുക. മുലക്കണ്ണിന്റെ ഭാഗത്ത് തുടങ്ങി വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മാറിന്റെ എല്ലാ ഭാഗവും ഒപ്പം കക്ഷവും പരിശോധിക്കുക. മറ്റേ മാറിലും ഇത് ആവർത്തിക്കണം.
സ്വയം പരിശോധന ഒരിക്കലും മാമോഗ്രാമിനു പകരമാകുന്നില്ല. എന്നാല്‍ ഇതിന് പ്രാധാന്യമുണ്ട്.

സ്തനാർബുദത്തിന്റെ സൂചനകള്‍ എന്തൊക്കെയാണ്?

മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങള്‍,നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകള്‍, ചർമത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകള്‍ പോലുള്ള പാടുകളും. മുലക്കണ്ണ് ഉള്‍വലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങള്‍ വരുക, കക്ഷത്തില്‍ കാണുന്ന തടിപ്പ്.

എന്താണ് മാമോഗ്രാം? എപ്പോഴാണ് ഇത് ചെയ്യേണ്ടത്?

ലളിതമായി പറഞ്ഞാല്‍ മാറിന്റെ എക്സ്റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച്‌ മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും. ഒപ്പം കാൻസർ സാധ്യതകള്‍ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാല്‍ വർഷം തോറും മാമോഗ്രാം ചെയ്യാവുന്നതാണ്. എന്നാല്‍ ഉറ്റ ബന്ധുക്കളിലോ ജനിതകപരമായ കാൻസർ സാധ്യത ടെസ്റ്റുകളിലൂടെയോ കണ്ടെത്തിയവർക്ക് നേരത്തേ തന്നെ മാമോഗ്രാം ചെയ്തുതുടങ്ങണം (25 വയസ്സു മുതല്‍)

സ്തനാർബുദം പൂർണമായും ഭേദമാക്കാൻ സാധിക്കുമോ?

വളരെ നേരത്തേ കണ്ടെത്തിയാല്‍ സ്തനാർബുദം പൂർണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്.

സ്തനസൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണോ?

സ്തനസൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ സ്തനാർബുദ ചികിത്സ സാധ്യമാണ്. സ്തനങ്ങള്‍ മുഴുവൻ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുന്നതരം സർജറികള്‍ (breast conservation surgey) സാധ്യമാണ്. അതിനോടൊപ്പം തന്നെ സ്തനങ്ങള്‍ പുനർനിർമിക്കുന്ന തരത്തിലുള്ള സർജറികളും സാധ്യമാണ്. ഇതിനായി ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കലകളോ (flap reconstruction), മറ്റു കൃത്രിമ വസ്തുക്കളോ (breast implant devices) ഉപയോഗിക്കാവുന്നതാണ്.

സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

അഞ്ചു മുതല്‍ 10 ശതമാനം വരെ ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്നു. ഇത് കുറഞ്ഞ പ്രായത്തില്‍ തന്നെ കണ്ടുവരാറുണ്ട്. പ്രായം പ്രധാന ഘടകമാണ്. 45 വയസ്സിനു ശേഷം സ്തനാർബുദ സാധ്യത വളരെയധികം വർധിക്കുന്നു. ആർത്തവവിരാമമാകുന്നത് വരെ ഈ പ്രവണത തുടരുന്നു. സ്തനാർബുദരോഗങ്ങളില്‍ സ്ത്രീ ഹോർമോണുകള്‍ക്ക് നിർണായക പങ്കുണ്ട്. വളരെ നേരത്തെയുള്ള ആർത്തവം, വൈകിയുള്ള ആർത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗർഭ ധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. ആർത്തവാനന്തരമുള്ള ഹോർമോണുകളുടെ ഉപയോഗം (hormone replacement therapy) കാൻസർ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ആർത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാർബുദ സാധ്യത കൂട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തില്‍ റേഡിയേഷനു വിധേയമാകുന്നത് കാൻസർ സാധ്യത കൂട്ടുന്നു. ആഹാര രീതികളുമായി ബന്ധപ്പെട്ടുള്ള സ്തനാർബുദ സാധ്യതകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ മദ്യപാനം സ്തനാർബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.