play-sharp-fill
ചില ദിവസങ്ങൾ വളരെ വളരെ കഠിനമാണ്, ചില സമയത്ത് തന്നെ കാണാതാകുന്നത്, തനിക്ക് ഭേദപ്പെടാനും സുഖമായി തിരിച്ചുവരാനും വേണ്ടിയുള്ള സമയമെടുക്കുന്നതുകൊണ്ടാണ്, ഈ ദിവസങ്ങളും കടന്നുപോകും ; സ്തനാർബുദ ചികിത്സയെക്കുറിച്ച് ഹിന ഖാൻ ; എന്താണ് സ്തനാർബുദം, സ്വയം പരിശോധന എപ്പോൾ? എങ്ങനെ പരിശോധിക്കണം? കൂടുതലറിയാം

ചില ദിവസങ്ങൾ വളരെ വളരെ കഠിനമാണ്, ചില സമയത്ത് തന്നെ കാണാതാകുന്നത്, തനിക്ക് ഭേദപ്പെടാനും സുഖമായി തിരിച്ചുവരാനും വേണ്ടിയുള്ള സമയമെടുക്കുന്നതുകൊണ്ടാണ്, ഈ ദിവസങ്ങളും കടന്നുപോകും ; സ്തനാർബുദ ചികിത്സയെക്കുറിച്ച് ഹിന ഖാൻ ; എന്താണ് സ്തനാർബുദം, സ്വയം പരിശോധന എപ്പോൾ? എങ്ങനെ പരിശോധിക്കണം? കൂടുതലറിയാം

സ്വന്തം ലേഖകൻ

സ്തനാർബുദ ചികിത്സ യിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച്‌ തുറന്നുപറഞ്ഞ് നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിലവിലെ ചികിത്സയേക്കുറിച്ച്‌ പങ്കുവെച്ചത്. അഞ്ചാമത് കീമോ ഇൻഫ്യൂഷനിലൂടെ കടന്നുപോവുകയാണെന്നും മുപ്പത്തിയാറുകാരിയായ താരം പറഞ്ഞു.


ചിലപ്പോഴൊക്കെ തന്നെ എല്ലായിടത്തുനിന്നും കാണാതാവുമ്പോള്‍ പലരും ആശങ്കപ്പെടുന്നുണ്ടാവും. എന്നാല്‍ തനിക്ക് കുഴപ്പമില്ല. നിലവില്‍ അഞ്ചാമത്തെ കീമോ ഇൻഫ്യൂഷനിലൂടെ കടന്നുപോവുകയാണെന്നും മൂന്നെണ്ണംകൂടി കഴിയാനുണ്ടെന്നും താരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ദിവസങ്ങൾ വളരെ വളരെ കഠിനമാണ്. ചില ദിവസങ്ങൾ നല്ലതാണ്. ചില സമയത്ത് തന്നെ കാണാതാകുന്നത്, തനിക്ക് ഭേദപ്പെടാനും സുഖമായി തിരിച്ചുവരാനും വേണ്ടിയുള്ള സമയമെടുക്കുന്നതുകൊണ്ടാണ്. ഈ ദിവസങ്ങളും കടന്നുപോകും, കടന്നുപോവണം. ദൈവത്തിൽ വിശ്വാസമുണ്ട്. ഞാൻ പോരാടിക്കൊണ്ടിരിക്കുകയാണ്- ​ഹിന പറഞ്ഞു.

നിരവധിപേരാണ് ഹിനയുടെ പോരാട്ടത്തിന് ആശംസകളുമായി കമന്റ് ചെയ്തിരിക്കുന്നത്. കാൻസർ സ്ഥിരീകരണ വാർത്തയ്ക്കുപിന്നാലെ നിരന്തരം തന്റെ ജീവിതത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കുന്ന താരമാണ് നടി ഹിന ഖാൻ. സ്തനാർബുദം സ്ഥിരീകരിച്ചതും കീമോതെറാപ്പി കഴിഞ്ഞ് ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചതുമൊക്കെ ഹിന കുറിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് മുന്നോടിയായി തന്റെ തലമുടി മുറിക്കുന്ന ഹൃദയഭേദകമായ വീഡിയോയും ഹിന പങ്കുവെച്ചിരുന്നു. താനേ കൊഴിയുംമുമ്പേ അവ വെട്ടുകയാണെന്നാണ് അന്ന് ​ഹിന പറഞ്ഞത്.

സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം?

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽനിന്നു വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ

  • സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
  • റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
  • കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
  • മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
  • വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

മുഴയില്‍ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.

ചികിത്സ

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.