
അഭിപ്രായങ്ങളുടെ പേരില്‍ ലക്ഷ്യമിടുന്നതും ആക്രമിക്കുന്നതും അപലപനീയവും നിർഭാഗ്യകരവുമാണ്; ഹിമാൻഷിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വനിതാകമ്മീഷൻ
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം രൂക്ഷം. സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തി.
മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലർത്തരുതെന്നായിരുന്നു ഹിമാൻഷിയുടെ പ്രതികരണം. പിന്നാലെയാണ് അവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. അഭിപ്രായങ്ങളുടെ പേരില്‍ ഹിമാൻഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിർഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധി പൗരന്മാർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രാജ്യം മുഴുവൻ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷി നർവാളിനെ സോഷ്യല്‍ മീഡിയയില്‍ ഒരു പരാമർശത്തിന്റെ പേരില്‍ ലക്ഷ്യമിടുന്നത് അങ്ങേയറ്റം അപലപനീയവും നിർഭാഗ്യകരവുമാണ്. ഒരു സ്ത്രീ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ ലക്ഷ്യം വയ്ക്കുന്നതോ അവരുടെ വ്യക്തിജീവിതത്തെ അപമാനിക്കുന്നതോ ആയ രീതി ഒട്ടും ശരിയല്ലെന്നും ദേശീയ വനിതാ കമ്മീഷൻ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോജിപ്പാണെങ്കിലും വിയോജിപ്പാണെങ്കിലും മാന്യമായും ഭരണഘടനാ പരിധിക്കുള്ളിലും പ്രകടിപ്പിക്കണം. ഓരോ സ്ത്രീയുടെയും ബഹുമാനവും അന്തസ്സും സംരക്ഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. നർവാളിന്റെ പരാമർശങ്ങള്‍ ചിലർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ അതിന്റെ പേരില്‍ അവരെ ട്രോളുന്നതും വ്യക്തിപരമായ പരാമർശങ്ങള്‍ നടത്തി ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നും എൻസിഡബ്ല്യു ചെയർപേഴ്‌സണ്‍ വിജയ രഹത്കർ എക്‌സില്‍ പോസ്റ്റ് ചെയ്തു.