ദേശീയപാത വികസനത്തിന് സൗജന്യമായി കിട്ടിയ സ്ഥലത്തിന് പണം നൽകിയെന്ന് കൃത്രിമ രേഖ: തഹസിൽദാറിനും വില്ലേജ് അസിസ്റ്റന്റിനും കഠിന തടവ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുത്തതിൽ കൃത്രിമം കാണിച്ച് പണം തട്ടിയ സംഭവത്തിൽ തിരുവനന്തപുരത്തെ മുൻ തഹസിൽദാർക്കും വില്ലേജ് അസിസ്റ്റന്റിനും കഠിന തടവ്. അന്ന് നാഷണൽ ഹൈവേ ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാറായിരുന്ന ദിവാകരൻ പിള്ള, കവടിയാർ വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാൽ എന്നിവർക്കെതിരാണ് തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2004-2006 കാലഘട്ടത്തിൽ തലസ്ഥാനത്തെ പട്ടം മുതൽ കേശവദാസപുരം വരെയുള്ള ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.
ഹൈവേ വികസനത്തിനായി ഒരു സ്വകാര്യ വ്യക്തി തന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നു. എന്നാൽ ഈ സ്ഥലം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥയിലുള്ളതാണെന്ന തരത്തിൽ തഹസിൽദാറും വില്ലേജ് അസിസ്റ്റന്റും ചേർന്ന വ്യാജ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വ്യാജ രേഖ പ്രകാരമുള്ള ഉടമയിൽ നിന്ന് ഭൂമി പണം നൽകി ഏറ്റെടുക്കുകയാണെന്ന് കാണിച്ച് 12,60,910 രൂപയാണ് രണ്ട് പേരും ചേർന്ന് വെട്ടിച്ചെടുത്തത്.
കേസിൽ ഒന്നാം പ്രതിയായ തഹസിൽദാർ ദിവാകരൻ പിള്ളയ്ക്ക് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും 2,35,000 രൂപ പിഴയും ഒടുക്കണം. രണ്ടാം പ്രതിയായ വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാലിന് പല വകുപ്പുകളിലായി ആറ് വർഷം കഠിന തടവും 1,35,000 രൂപ പിഴയും ഒടുക്കണം.