
തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും സ്വത്ത് കണ്ടുകെട്ടാൻ കോടതിയുത്തരവ്.
തൃശ്ശൂർ മൂന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി കെ.എം. രതീഷ്കുമാറിന്റേതാണ് ഉത്തരവ്. നേരത്തേ സ്വത്ത് താത്കാലികമായി ജപ്തിചെയ്ത് ഉത്തരവിറങ്ങിയിരുന്നു. ഇത് സ്ഥിരപ്പെടുത്തുകയാണ് ഇപ്പോള്‍ കോടതി ചെയ്തത്.
ഹൈറിച്ചിന്റെയും നടത്തിപ്പുകാരുടെയും സ്വത്തും ബാങ്ക് അക്കൗണ്ടുകളും വാഹനങ്ങളും മറ്റുമാണ് സ്ഥിരമായി കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടത്. മണിച്ചെയിൻ മാതൃകയിലുളള 3,000 കോടിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പാണ് കമ്ബനി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ആറാട്ടുപുഴ കൊല്ലാട്ട് പ്രതാപൻ, ഭാര്യ ശ്രീനാ പ്രതാപൻ എന്നിവരുടെ പേരിലുള്ള ഭൂസ്വത്തും 66 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളുമാണ് കണ്ടുകെട്ടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യത്യസ്ത പേരുകളിലുളള സ്കീമുകളിലേക്ക് വലിയ തുകകള്‍ വൻ പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപമായി സ്വീകരിച്ചും കൂടുതല്‍ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുമാണ് ഹൈറിച്ച് ഉടമകള്‍ തട്ടിപ്പു നടത്തിയത്. കേസില്‍ കമ്ബനി പുറപ്പെടുവിച്ച ബോണ്ടുകള്‍ അടക്കമുള്ള രേഖകള്‍ പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ബോണ്ടുകള്‍ വ്യാജമാണെന്ന് പ്രതിഭാഗം വാദമുന്നയിച്ചു.
കമ്ബനിയുടെ വെബ്സൈറ്റ് നിർമിച്ച കംപ്യൂട്ടർ എൻജിനീയറെക്കൊണ്ടു തന്നെ വെബ്സൈറ്റ് പരിശോധിപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേകം ഹർജി ഫയല്‍ ചെയ്തു. ഇതിനൊപ്പം പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 70 രേഖകളും ഹാജരാക്കി. വെബ്സൈറ്റ് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോഴത്തെ ഉത്തരവ്. കേസില്‍ സർക്കാരിനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോളാണ് വാദം നടത്തിയത്.