
തിരുവനന്തപുരം: അധ്യാപകരെപ്പോലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഇനി മൂന്നു വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം. ഒരു ജില്ലയില്‍ അതതുവര്‍ഷം മേയ് 31-ന് മൂന്നു വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കുന്ന പ്രിന്‍സിപ്പല്‍ തസ്തിക സ്ഥലംമാറ്റത്തിനുള്ള ഓപ്പണ്‍ വേക്കന്‍സിയായി പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി പൊതുസ്ഥലംമാറ്റത്തിനുള്ള കരടുമാനദണ്ഡം പുറത്തിറക്കി.
പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത ദിവസംമുതലാണ് സര്‍വീസ് കാലദൈര്‍ഘ്യവും ഔട്ട്സ്റ്റേഷന്‍ സര്‍വീസ് ദൈര്‍ഘ്യവും കണക്കാക്കുക. പ്രിന്‍സിപ്പല്‍ മൂന്നുവര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും ആ സ്‌കൂളിലേക്ക് വേറേ അപേക്ഷകരൊന്നുമില്ലെങ്കില്‍ തസ്തികയില്‍ തുടരാന്‍ തടസ്സമില്ല. പക്ഷേ, ഭരണപരമായ സൗകര്യാര്‍ഥം പ്രിന്‍സിപ്പലിനെ സര്‍ക്കാരിനു സ്ഥലംമാറ്റാമെന്നും മാനദണ്ഡം വ്യക്തമാക്കുന്നു.
സ്ഥലംമാറ്റത്തില്‍ ഹോംസ്റ്റേഷന്‍ വെയിറ്റേജ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ വ്യക്തത വരുത്തി അധ്യാപകര്‍ക്കുള്ള കരടുമാനദണ്ഡവും തയ്യാറായി. ഒരു വര്‍ഷം റെഗുലര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔട്ട്സ്റ്റേഷന്‍ ദൂരപരിധിക്കുള്ള വെയിറ്റേജ് നാലു സ്ലാബുകളാക്കി. നേരത്തേ 200, 400 കിലോമീറ്ററുകളായിരുന്നു ദൂരപരിധി. ഇത് 100, 200, 300, 400 എന്നിങ്ങനെ കിലോമീറ്ററുള്ള നാലു സ്ലാബാക്കി. വെയിറ്റേജിന് സ്‌കൂളുകള്‍ തമ്മിലുള്ള അകലം കണക്കാക്കല്‍ അവസാനിപ്പിച്ചു. പകരം, അപേക്ഷകന്‍ താമസിക്കുന്ന തദ്ദേശസ്ഥാപനവും നിലവില്‍ ജോലിയെടുക്കുന്ന സ്‌കൂളിന്റെ തദ്ദേശസ്ഥാപനവും തമ്മിലുള്ള അകലമാക്കി. ഹോംസ്റ്റേഷന്‍ വെയിറ്റേജ് അഞ്ചു വര്‍ഷത്തേക്കു മാത്രമേ ലഭിക്കൂ.
ഹോംസ്റ്റേഷന്‍ സ്ഥലംമാറ്റത്തിനു മാത്രമേ ഔട്ട്സ്റ്റേഷന്‍ വെയിറ്റേജുള്ളൂ. ജില്ലാതലമാറ്റത്തിന് സര്‍വീസ് സീനിയോറിറ്റിയാണ് മാനദണ്ഡം. സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ ജൂനിയര്‍, സീനിയര്‍ തസ്തികയില്‍ ഏതിലെങ്കിലും മൂന്നുവര്‍ഷത്തെ സര്‍വീസ് മതിയെന്നായിരുന്നു മുന്‍വ്യവസ്ഥ. ഇതു മാറ്റി, ജൂനിയറായോ സീനിയറായോ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കണമെന്നാക്കി.



