
വിവാഹ വാഗ്ദാന ലംഘനം പീഡനകുറ്റം ചുമത്താനുള്ള കാരണമല്ല; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം പ്രതി മറ്റൊരു വിവാഹം കഴിച്ച സംഭവത്തിൽ കീഴ് കോടതി ശിക്ഷിച്ച പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം പ്രതി മറ്റൊരു കല്യാണം കഴിച്ചെന്നതുകൊണ്ടു മാത്രം വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഇടുക്കി സ്വദേശി രാമചന്ദ്രനെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതേ വിട്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ രാമചന്ദ്രന്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. രാമചന്ദ്രന്‍ ബന്ധുവായ യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി 2014 ഏപ്രിലില്‍ മൂന്നു തവണ പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനത്തിനുശേഷം യുവതിയെ വീട്ടില്‍ തിരിച്ചെത്തിച്ച പ്രതി മൂന്ന് ദിവസം കഴിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു. ഇയാള്‍ വ്യാജ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചതാണെന്നും യുവതിയുടെ അനുമതിയോടെയല്ല ലൈംഗിക ബന്ധത്തിലേര്‍പ്പട്ടതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം ഡിവിഷന്‍ ബെഞ്ച് തള്ളി.
പ്രതിയും യുവതിയും 10 വര്‍ഷമായി പ്രണയത്തിലായിരുന്നു. സ്ത്രീധനമില്ലാതെ വിവാഹം നടത്താന്‍ പ്രതിയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നു പ്രോസിക്യൂഷന്‍ തന്നെ പറയുന്നു. അതിനാല്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നു പറയാനാവില്ല.
യുവതിയെ പ്രതി കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നും വീട്ടുകാരുടെ എതിര്‍പ്പുമൂലം വാഗ്‌ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇതിനെ വ്യാജവാഗ്‌ദാനമായി കാണാനാവില്ല. യുവതിയുടെ അനുമതിയില്ലാതെയാണു ശാരീരികബന്ധം എന്നതിനു തെളിവില്ല.
പ്രതി വ്യാജ വിവാഹവാഗ്‌ദാനം നല്‍കിയെന്നോ വസ്തുതകള്‍ മറച്ചുവച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നോ പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ആ നിലയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.