‘ക്ഷേത്രങ്ങളിലും പരിസരത്തും ഇനിമുതൽ രാഷ്ട്രീയ പ്രചാരണം വേണ്ട’; ഹൈക്കോടതി

Spread the love

കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.ഇതുസംബന്ധിച്ച് തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ അടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം മരട് സ്വദേശിയായ എൻ. പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.

മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പാക്കണം. പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ക്ഷേത്രങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാനും ദേവസ്വം ബോർഡുകളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രിലിൽ കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലും ആറ്റിങ്ങൽ ശ്രീ ഇന്ദിലയപ്പൻ ക്ഷേത്രത്തിലും നടന്ന ഉത്സവ പരിപാടികളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കടയ്ക്കലിൽ ഗസൽ ഗായകൻ അലോഷി വിപ്ലവഗാനങ്ങൾ ആലപിച്ചതും, ആറ്റിങ്ങലിൽ കെപിഎസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം അരങ്ങേറിയതും ഹർജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, കോഴിക്കോട് തളി ക്ഷേത്രത്തിലെ വിവാഹ ചടങ്ങിനിടെ എസ്എഫ്ഐ സിന്ദാബാദ് എന്നു വിളിച്ച സംഭവവും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

ക്ഷേത്രാചാരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്ത മറ്റു പരിപാടികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോർഡുകളുടെ വാദം. എന്നാല്‍, 1988-ലെ മതസ്ഥാപനങ്ങളുടെ ദുരുപയോഗം നിരോധിക്കുന്ന നിയമത്തിലെ വകുപ്പ് 3 പ്രകാരം, ക്ഷേത്രങ്ങളും അതിന്റെ പരിസരങ്ങളും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിതമാണെന്ന് കോടതി വ്യക്തമാക്കി.