
കൊച്ചി: കോടതിയിൽ കീഴടങ്ങുന്ന പ്രതികളെ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കോടതി നടപടികൾക്ക് ഉപയോഗിക്കുന്ന എല്ലാ ഭൂമിയും കെട്ടിടവും നിർമ്മാണവും പ്രവർത്തിസമയത്ത് കോടതിയാണ്. എന്നാൽ വാറന്റുള്ളതോ ഒളിവിലുള്ളതോ ആയ പ്രതികളെ പോലീസിന് കോടതി വളപ്പിൽ നിന്ന് അറസ്റ്റ് ചെയ്യാം. കോടതിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സാഹചര്യത്തിലും അറസ്റ്റിലേക്ക് കടക്കാം. അറസ്റ്റിന്റെ കാരണങ്ങൾ ഉടനടി ആ കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരെ അറിയിക്കണമെന്നും ജസ്റ്റിസ് മാരായ ഡോ. എം. കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചിൽ ഉത്തരവിട്ടു.
പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളിൽ പരാതി ബോധിപ്പിക്കാൻ സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണം. സംസ്ഥാനതല സമിതിയിൽ അഡ്വക്കേറ്റ് ജനറലും ഡിജിപിയും ഹൈക്കോടതി അസോസിയേഷൻ ശുപാർശ ചെയ്യുന്ന മൂന്ന് അഭിഭാഷകർ, എസ് പി, പരാതിക്കാരനായ അഭിഭാഷകന്റെ ബാർ അസോസിയേഷന്റെ പ്രസിഡന്റ് എന്നിവരാണ് അംഗമാവുക.
ജില്ലാതല സമിതികളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ പോലീസ് മേധാവിയും ജില്ലാ ഗവൺമെന്റ് ലീഡറും ബാർ അസോസിയേഷൻ പ്രസിഡണ്ടും ബാർ അസോസിയേഷൻ ശുപാർശ ചെയ്യുന്ന അഭിഭാഷകനും അംഗമാവും. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group