
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാല്‍ അത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗത്തിനും കാരണമാകുന്നു. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.
സന്ധിവേദന
പാദങ്ങളില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്ന് സന്ധികളെ ബാധിക്കുന്ന പെട്ടെന്നുള്ളതും കഠിനവുമായ വേദനയാണ്. ഈ വേദന സാധാരണയായി പെട്ടെന്നാണ് ഉണ്ടാകുന്നത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി ഈ വേദനയുണ്ടാകുന്നത്. മറ്റ് കാല്‍വിരലുകളിലോ, കണങ്കാലിലോ, പാദത്തിന്റെ മധ്യഭാഗത്തോ വേദനയുണ്ടാകാനും സാധ്യതയുണ്ട്. ഈ വേദന രൂക്ഷമാകാൻ സാധ്യതയുണ്ട്. ഈ രീതിയില്‍ വേദനയുണ്ടെങ്കില്‍ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാദങ്ങളില്‍ മുറുക്കം അനുഭവപ്പെടുന്നത്
നീർക്കെട്ടുള്ള സന്ധികളില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്നത്തിലാകുന്നു. ചെറിയ തോതില്‍ എവിടെയങ്കിലും തട്ടുന്നതുപോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാല്‍ കാലക്രമേണ വിഷയം ഗുരുതരമാകാൻ സാധ്യതയുണ്ട്.
സന്ധിക്ക് ചുറ്റുമുള്ള ചുവപ്പും നീർവീക്കവും
സന്ധിക്ക് ചുറ്റുമുള്ള ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വർധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്ബോള്‍ ചൂട് അനുഭവപ്പെടുകയും വേദനയുണ്ടാകുകയും ചെയ്യുന്നു. യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ, നമ്മുടെ രോഗപ്രതിരോധ സംവിധാനം ഈ പദാർഥത്തെ ഒരു പരിക്കായി കണക്കാക്കുന്നു. ഇതാണ് വീക്കത്തിന് കാരണമാകുന്നത്. ആദ്യ വേദനയായി തുടങ്ങുന്ന പ്രശ്നം പിന്നീട് നീർവീക്കം, ചുവപ്പ് എന്നിവയിലേക്ക് മാറുന്നു. സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങള്‍. ഇത് രോഗനിർണയം വൈകാനും കാരണമാകുന്നു.
പാദങ്ങളില്‍ കാണുന്ന മുഴ
ഗൗട്ട് ദീർഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികള്‍ക്ക് സമീപം ചർമത്തിനടിയില്‍ കട്ടിയുള്ള മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. ടോഫി(Tophi) എന്നാണ് ഈ മുഴകളെ പറയുന്നത്. യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ ചേർന്നതാണ് ടോഫി. ടോഫി സാധാരണയായി കാല്‍വിരലുകള്‍ക്ക് സമീപവും പാദങ്ങളിലുമാണ് രൂപപ്പെടുന്നത്. ഇവയ്ക്ക് എല്ലായ്പ്പോഴും വേദന ഉണ്ടാകണമെന്നുമില്ല. എങ്കിലും സന്ധികളുടെ ആരോഗ്യത്തെ ഇത് ബാധിക്കും.
കാരണമാകുന്ന ഘടകങ്ങള്‍
- യൂറിക്ക് ആസിഡ് കൂടുതല്‍ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങളുടെ വർധിച്ച ഉപയോഗമാണ് ഒരു കാരണം. ഈ ഭക്ഷണങ്ങളില്‍ പ്രധാനമായും കരള്‍, തലച്ചോറ്, കുടല്‍ എന്നിവയുള്‍പ്പെടെയുള്ള അവയവ മാംസം ഉള്‍പ്പെടുന്നു, അതില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതില്‍ പെടും.
- മദ്യപാനം, സോഡ ഉല്‍പന്നങ്ങള്‍ ഉപയോഗം എന്നിവ വഴി യൂറിക് ആസിഡ് കൂടാം.
- ബേക്കറി സാധനങ്ങളില്‍ ഉപയോഗിക്കുന്ന റിഫൈൻഡ് ഷുഗർ ഒരു കാരണമാണ്.
ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിർജ്ജലീകരണം ഹൈപ്പർയൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഒഴിവാക്കാൻ, പ്രതിദിനം 3-4 ലിറ്റർ വെള്ളം കൃത്യമായി കുടിക്കുന്നത് ഉറപ്പാക്കണം.
എന്താണ് പരിഹാരം?
- മേല്‍ പറഞ്ഞ പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക.
- മദ്യപാനം നിർത്തുക.
- ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക – വൈറ്റമിൻ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക.
- നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.
പച്ചക്കറികള്‍ കഴിക്കുക.




