
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോളും അടിയന്തര അവധികളും നൽകിയത് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ കേസിലെ പ്രതികൾക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാൻ എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ ബെഞ്ച് വാക്കാൽ ചോദിച്ചു.
എന്തുകൊണ്ട് ടി പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. അച്ഛന്‍റെ സഹോദരന്‍റെ മകന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസം പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്.
ടിപി വധക്കേസിൽ നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ജ്യോതി ബാബു. പത്തു ദിവസത്തെ അടിയന്തര പരോൾ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജ്യോതി ബാബുവിന്‍റെ ഭാര്യ പി.ജി. സ്മിതയാണ് ഹർജി നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാ തടവുകാരൻ എന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നില്ല.
അപേക്ഷ നൽകുന്നതിൽ ഇതല്ല ശരിയായ രീതിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോള്‍ അനുവദിച്ചിരുന്നു. വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.
15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് നൽകിയത്. ഇക്കഴിഞ്ഞ ഡിസംബറിൽ തന്നെ കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. ഒരു മാസം ജയിലിൽ കിടക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തെ പരോളുണ്ട്.
അതുപോലെ ഒരു വര്‍ഷം ജയിലിൽ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളത് ജയിൽ ചട്ടമാണെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നൽകിയിരുന്നില്ല.
31ആകുമ്പോഴേയ്ക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക് ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നുവെന്ന വിശദീകരണമാണ് ജയിൽ വകുപ്പ് നൽകുന്നത്.



