
ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജികളെല്ലാം കോടതി തള്ളി. 14ആം വകുപ്പ് പ്രകാരമായിരുന്നു ലോകായുക്തയിൽ മാറ്റം വരുത്തിയിരുന്നത്. മുൻപ് ലോകായുക്ത എടുക്കുന്ന തീരുമാനങ്ങൾ സർക്കാർ സംവിധാനങ്ങൾ അംഗീകരിക്കണമെന്നതായിരുന്നു. ഇങ്ങനെയാണ് കെടി ജലീലിന് മന്ത്രിസ്ഥാനം വരെ നഷ്ടമായത്. തുടർന്നാണ് സംസ്ഥാന സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയത്. മന്ത്രിമാർക്കെതിരെയുളള ലോകായുക്ത വിധിയാണെങ്കിൽ മുഖ്യമന്ത്രി പുനഃപരിശോധിക്കാമെന്നും മുഖ്യമന്ത്രിക്കെതിരെയാണ് വിധിയെങ്കിൽ അത് ഗവർണർക്ക് പുനഃപരിശോധിക്കാമെന്നാണ് ഭേദഗതി വരുത്തിയത്.
ഇതിനെതിരെയാണ് മേശ് ചെന്നിത്തലയടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് നിയമഭേദഗതിക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമഭേദഗതി ഭരണഘടനപരമാണെന്നും ലോകായുക്തയുടെ ശിപാർശയിൽ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അത് നിലവിൽ വന്നതായി കണക്കാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


