കെ.എം. ഷാജിക്ക് ആശ്വാസം; ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി ഉത്തരവിന് സ്റ്റേ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിർമ്മിച്ചെന്ന് ഇഡി കണ്ടെത്തിയ കക്കോടിയിലെ വീടടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴീക്കോട് എംഎല്‍എയായിരിക്കെ 2016 ല്‍ കെ എം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍ നിന്നാണ് കോഴ വാങ്ങിയതെന്നും ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി.

ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും ഇഡി വാർത്താക്കുറിപ്പിലുണ്ട്.

2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കെ എം ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.