
കൊച്ചി : കെ സുരേന്ദ്രന് ആശ്വാസം, ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ തുടർനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ഹർത്താല്‍ ദിനത്തിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രനെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളാണ് സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്കിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടല്‍. ഹർത്താല്‍ ആഹ്വാനം ചെയ്തതുകൊണ്ടുമാത്രം അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതാനാവില്ലെന്നും കേസില്‍ സുരേന്ദ്രനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 സെപ്റ്റംബര്‍ 28 നാണ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനം വന്നത്. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ആദ്യഘട്ടത്തില്‍ വിവിധ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും വിധിയെ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ ദർശനത്തിനെത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കോടതി വിധിക്കെതിരെ പോരാടുമെന്ന് പന്തളം കൊട്ടാരം പ്രഖ്യാപിക്കുകയും അയ്യപ്പ ഭക്തരുടെ പ്രതിനിധികള്‍ നാമജപ ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തതോടെ സ്ഥിതി സങ്കീർണമായി. ബി ജെ പിയും ആർ എസ് എസും യുവതി പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച് സമരമുഖത്തേക്ക് എത്തിയതോടെ സാഹചര്യം സംഘർഷഭരിതമായി. ഒക്ടോബർ 18 ന് സന്നിധാനത്തേക്ക് രണ്ട് യുവതികളെ എത്തിക്കാനുള്ള ശ്രമം കൂടിയായതോടെ കലാപ കലുഷിതമായി. മോജോ ടി വി റിപ്പോർട്ടർ കവിത ജക്കാല്‍, നടിയും കൊച്ചിയിലെ ബി എസ് എൻ എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമ എന്നിവരെ സന്നിധാനത്തേക്ക് എത്തിക്കാനായില്ല. എന്നാല്‍ 2019 ജനുവരി 2 ന് ശബരിമലയില്‍ ദർശനം നടത്തിയതായി യുവതികളായ ബിന്ദുവും കനകദുർഗയും വെളിപ്പെടുത്തിയതോടെ വീണ്ടും സാഹചര്യം രൂക്ഷമായി. പതിനെട്ടാം പടി ഒഴിവാക്കിയാണു സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നും ഭക്തരില്‍നിന്ന് പ്രശ്നങ്ങളുണ്ടായില്ലെന്നും പൊലീസ് സംരക്ഷണം ലഭിച്ചെന്നും ഇരുവരും പറഞ്ഞു. രണ്ടു യുവതികളും ശബരിമലയില്‍ ദർശനം നടത്തിയെന്നു സർക്കാരും സ്ഥിരീകരിച്ചതോടെ സംഘർഷം രൂക്ഷമായി. ശബരിമല യുവതീ പ്രവേശത്തെത്തുടർന്നു ബി ജെ പി പിന്തുണയോടെയുള്ള ശബരിമല കർമസമിതി ഹർത്താലില്‍ കേരളം യുദ്ധക്കളമായി.



