
കൊച്ചി: പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിൻ്റെ വിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി. പൊലീസിനും ജുവനൈൽ ജസ്റ്റിസ് ബോർഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഒരു സാഹചര്യത്തിലും ഈ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കണ്ണൂർ സ്വദേശി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവ് പുറപ്പെടുവിച്ചത്.
തലശ്ശേരി ജുവനൈൽ കോടതി 2011 ൽ പരിഗണിച്ച കേസിൽ ഹർജിക്കാരൻ എതിർകക്ഷിയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കേസിന്റെ വിവരങ്ങൾ പൊലീസിന്റെയും ജുവനൈൽ ബോർഡിൻ്റെയും ഫയലിൽ നിന്ന് നീക്കം ചെയ്തിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ബാങ്ക് നിയമനത്തിനടക്കമുള്ള പരീക്ഷകൾ എഴുതുന്നുണ്ടെന്നും പൊലീസിന്റെ സ്വഭാവ പരിശോധനയിൽ കേസിൻ്റെ രേഖ ലഭിക്കും എന്നത് തൊഴിൽ ലഭിക്കുന്നതിന് തടസമാകുമെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. രേഖ ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റിന് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം പ്രത്യേക സാഹചര്യത്തിൽ ഒഴികെ നിര്‍ബന്ധമായും നീക്കം ചെയ്യണമെന്നാണ് ബാലനീതി നിയമത്തിൽ പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



