ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്നപേരില്‍ കോഴ; അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈജു ജോസ് കിടങ്ങൂർ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം ;അന്വേഷണ ചുമതല കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജഡ്ജിക്ക് നല്‍കാനെന്നപേരില്‍ ഹൈക്കോടതി അഭിഭാഷകൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണവുമായി പോലീസ്. അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സൈജു ജോസ് കിടങ്ങൂരിനെതിരെയാണ് പരാതി.
ഹൈക്കോടതിയിലെ മുഴുവൻ ജഡ്ജിമാരും ചേർന്നെടുത്ത തീരുമാന പ്രകാരമാണ് അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറാണ് കത്ത് നൽകിയത്. കൊച്ചി സിറ്റി പോലീസ്കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രജിസ്ട്രാറുടെ കത്ത് കഴിഞ്ഞയാഴ്ച ഡി.ജി.പി.ക്ക് കൈമാറിയിരുന്നു.ഇതിനെ തുടര്‍ന്ന് കമ്മിഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് ഡി.ജി.പി. അന്വേഷണത്തിന് നിര്‍ദേശിച്ചത്.
ഹൈക്കോടതി ജഡ്ജിക്ക് കോഴ നല്‍കാനെന്നുപറഞ്ഞ് സിനിമാമേഖലയുമായി ബന്ധപ്പെട്ട ഒരു കക്ഷിയില്‍നിന്ന് അഭിഭാഷകന്‍ പണം വാങ്ങിയത്.25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.
ഇത് വലിയ ചര്‍ച്ചയായതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ പ്രാഥമികാന്വേഷണം നടത്തി. ഇതില്‍ അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവ് കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ഒരു ജഡ്ജിതന്നെ ചീഫ് ജസ്റ്റിസിന് കത്തും നല്‍കി.
വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണറിപ്പോര്‍ട്ടിനു പിന്നാലെ ചേര്‍ന്ന ഫുള്‍ കോര്‍ട്ടാണ് പോലീസ് അന്വേഷണത്തിനുവിടാന്‍ തീരുമാനിച്ചത്. വിഷയം വളരെ ഗൗരവത്തോടെയാണ് ഹൈക്കോടതി എടുത്തിരിക്കുന്നത്. അന്വേഷണവിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശവും നല്‍കിയെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരേ പോലീസ് അന്വേഷണം നടക്കുന്നത്.