ഹൈക്കോടതിയല്ല, സുപ്രീം കോടതി പറഞ്ഞാലും നമ്മുടെ കെ.എസ്.ഇ.ബി കേൾക്കില്ല: നടപ്പുവഴിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ തട്ടി കർഷകന് ദാരുണാന്ത്യം; മരിച്ചത് മണിയാപറമ്പ് വല്യാട് സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: ഹൈക്കോടതിയല്ല സുപ്രീം കോടതി പറഞ്ഞാലും നമ്മുടെ കെ.എസ്.ഇ.ബി നന്നാകില്ല. പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ തട്ടി വീണ്ടും ഒരു ജീവൻ കൂടി നഷ്ടമായി. പാടശേഖരത്തിലെ മോട്ടോർ തറയ്ക്ക് കാവൽ കിടക്കുന്ന മണിയാപറമ്പ് വല്യാട് പാറേക്കണ്ടത്തിൽ പി.പി രാജുവാ(57)താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.
മണിയാപറമ്പ് കേളങ്കേരി പാടശേഖരത്തിൽ പാടത്ത് വിതയ്ക്കുന്ന ജോലികൾ നടക്കുകയാണ്. ഈ പാടശേഖരത്തിന് കാവൽകിടക്കുന്നത് രാജുവാണ്. ഇവിടെ എല്ലാ ദിവസവും രാത്രിയിൽ മോട്ടോർ തറയിൽ രാജി കിടക്കുകയാണ് ചെയ്യുന്നത്. വ്യാഴാഴ്ചയും പതിവു പോലെ രാജു ഇവിടെ ഉണ്ടായിരുന്നു. ഇവിടെ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ, പാടശേഖരത്തിനു സമീപത്തെ നടപ്പുവഴിയിൽ താഴ്ന്നു കിടന്നിരുന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് രാജുവിന് ഷോക്കേറ്റതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ത്രീഫേസ് ലൈനാണ് ഇതുവഴി കടന്നു പോകുന്നത്. ഈ ത്രീഫേസ് ലൈനിന്റെ ന്യൂട്രൽ ലൈൻ വളരെയധികം താഴ്ന്നാണ് കിടന്നിരുന്നത്. ഈ താഴ്ന്ന് കിടന്ന ലൈൻ രാജുവിന് ഷോക്കേറ്റതിന് സമീപം പൊട്ടിക്കിടക്കുന്നുണ്ട്. പൊട്ടിക്കിടന്ന ലൈനിലേയ്ക്ക് വൈദ്യുതി തിരികെ പ്രവഹിച്ചതിനെ തുടർന്ന് രാജുവിന് ഷോക്കേറ്റതാണെന്നാണ് സംശയം. ഇതു സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഈ ലൈൻ എങ്ങിനെയാണ് പൊട്ടിയതെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് തിരുവനന്തപുരത്ത് രണ്ടു പേർ മരിച്ചതിനെതിരെ കെ.എസ്.ഇ.ബിയ്ക്ക് ഹൈക്കോടതിയിൽ നിന്നും അതിരൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വന്നത്. ലക്ഷങ്ങളാണ് ഇതേ തുടർന്ന് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കെ.എസ്.ഇ.ബിയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടിയും വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോട്ടയത്തും സമാന രീതിയിൽ അപകടമുണ്ടായിരിക്കുന്നത്. ഇത് കെ.എസ്.ഇ.ബിയുടെ് അനാസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.