
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടികളില്‍ താക്കീതുമായി ഹൈക്കമാന്‍ഡ്. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
അതേസമയം കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര ചെയ്യുന്നതേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല കാര്യമെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും കെ സി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍- ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം. ഇന്നലെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചിരുന്നില്ല. ശശി തരൂര്‍ ഇന്നലെ റഷ്യയിലേയ്ക്ക് പോയിരുന്നു. ഇനി റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂര്‍ വിവാദം ചര്‍ച്ചയാക്കേണ്ട എന്നും പ്രസ്താവനകള്‍ ഗൗരവമായി കാണേണ്ട എന്നുമാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂര്‍ പാര്‍ട്ടി വിടില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു.
നിലമ്ബൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നായിരുന്നു നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ‘ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്ബൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ല’- ശശി തരൂരിന്റെ വാക്കുകള്‍.