video
play-sharp-fill
നടിക്കെതിരായ ആക്രമണം; അഭിഭാഷകർ പ്രതിയാകില്ല

നടിക്കെതിരായ ആക്രമണം; അഭിഭാഷകർ പ്രതിയാകില്ല

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഭിഭാഷകരെ ഇരുവരും നൽകിയ വിടുതൽ ഹർജി അംഗീകരിച്ച് ഹൈക്കോടതി ഒഴിവാക്കി. അഭിഭാഷകരായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരെയാണ് ഹൈക്കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയത്. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തത്. ഇവർക്കെതിരെ പൊലീസ് ഉന്നയിക്കുന്ന വാദങ്ങൾ തളളിയാണ് ഹൈക്കോടതി ഇരുവരെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയത്. നടിയെ ആക്രമിച്ച ശേഷം കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നുവെന്നും നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിർണായക തെളിവുകളടങ്ങിയ ഫോൺ ഒളിപ്പിച്ചു, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ പ്രധാനമായും പൊലീസ് ചുമത്തിയത്.