ടിക്കറ്റ് കൊടുത്ത് പണം വാങ്ങാൻ വലിയ പരിശീലനം വേണ്ട: കെഎസ്ആർടിസിയിൽ രണ്ടു ദിവസത്തിനകം നിയമനം നടത്തണം; ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്ആർടിസിയിൽ രണ്ടു ദിവസത്തിനകം പിഎസ്സി പട്ടികയിൽനിന്നുള്ള നിയമനം നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടിക്കറ്റ് കൊടുത്ത് പണം വാങ്ങാൻ വലിയ പരിശീലനമൊന്നും വേണ്ടെന്നും ജോലിയിൽ പ്രവേശിച്ചാൽ കാര്യങ്ങൾ അവർ പഠിച്ചുകൊള്ളുമെന്നും കോടതി പറഞ്ഞു. അഡൈ്വസ് മെമ്മോ നൽകിയവർക്ക് നിയമനം നൽകാൻ ബോർഡിന് എന്താണിത്ര മടിയെന്നും കോടതി ചോദിച്ചു. പുതിയ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയിൽ വിശ്വാസമില്ലെന്നും കോടതി വ്യക്തമാക്കി. എംപാനൽ ജീവനക്കാർ സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് സത്യവാങ്മൂലത്തിൽ എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.
250 പേർക്ക് തിങ്കളാഴ്ച തന്നെ നിയമന ഉത്തരവ് നൽകിയതായും സത്യവാങ്മൂലത്തിൽ തച്ചങ്കരി വ്യക്തമാക്കി. പിഎസ്സി ശിപാർശ ചെയ്തവരെ നിയമിക്കണമെന്ന വിധി നടപ്പാക്കാൻ വൈകിയതിൽ കെഎസ്ആർടിസിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പിഎസ്സി ലിസ്റ്റിൽനിന്നു ശിപാർശ ചെയ്തവരെ നിയമിച്ച് എംഡി ഇന്നുതന്നെ സത്യവാങ്മൂലം നൽകണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group