video
play-sharp-fill
ഇത് കോൺഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ ; മേയർ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡൻ

ഇത് കോൺഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ ; മേയർ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡൻ

 

സ്വന്തം ലേഖിക

കൊച്ചി: മേയർ സൗമിനി ജെയിനെ പരോക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സൗമിനി ജെയിൻ തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോൺഗ്രസിന്റെ സംസ്‌കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമാണ് ഹൈബിയുടെ വിമർശനം. സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.

‘ഇത് കോൺഗ്രസാണ് സഹോദരി..തേവര കോളേജിലെ പഴയ എസ്എഫ്ഐകാരിക്ക് ഒമ്പത് വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാൻ. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ… ഇത് കോൺഗ്രസാണെന്നും ഹൈബി ഈഡൻ പറയുന്നു’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഹൈബി ഈഡൻ മേയർക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. കൊച്ചി മേയർ സൗമിനി ജെയിൻ പരാജയമാണെന്നും മേയർ സ്ഥാനത്ത് തുടരണമോയെന്ന് പാർട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു.

നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് പാർട്ടിക്ക് പാഠമാകണം. നഗരസഭയുടെ വീഴ്ച പാർട്ടിക്ക് തിരിച്ചടിയായി. വോട്ടുകൾ ചോർന്നു. തിരുത്തൽ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കിൽ ജനം തിരുത്തിക്കും. ചോദ്യങ്ങൾക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളിൽ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഹൈബിയെ ട്രോളിക്കൊണ്ട് സൗമിനി ജെയിനും രംഗത്തെത്തിയിരുന്നു. മേയർ സ്ഥാനം രാജിവെച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു മേയറുടെ മറുപടി. ഹൈബിയുടെ ഭാര്യ ഫെയ്സ്ബുക്കിലിട്ട ബലാത്സംഗ പരാമർശത്തെ ട്രോളിക്കൊണ്ടായിരുന്നു സൗമിനി ജെയിന്റെ മറുപടി.

സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഹൈബി ഈഡൻ അടക്കമുള്ള നേതാക്കൾ കരുനീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കൗൺസിലർ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. ഇതിനിടയിലാണ് ഹൈബി ഈഡന്റ് ഫെയ്സ്ബുക്ക് പോസ്റ്റ്.