play-sharp-fill
ഹോം തെറാപ്പി നിർത്തി; ഹീമോഫീലിയ രോഗികൾ ആശങ്കയിൽ

ഹോം തെറാപ്പി നിർത്തി; ഹീമോഫീലിയ രോഗികൾ ആശങ്കയിൽ

സ്വന്തം ലേഖിക
കോഴിക്കോട്: ഹോം തെറാപ്പി നിര്‍ത്തലാക്കിയതോടെ ഹീമോഫീലിയ രോഗികള്‍ ആശങ്കയില്‍. രക്തസ്രാവം സംഭവിച്ചാല്‍ രക്തം കട്ടപിടിക്കാത്ത അസുഖമായ ഹീമോഫീലിയ രോഗികള്‍ക്ക് ഹോം തെറാപ്പി തുടര്‍ന്നും നല്‍കണമെന്ന് ഹീമോഫീലിയ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ലോകത്താകെ അംഗീകരിച്ച ഹീമോഫീലിയ ചികിത്സയുടെ പ്രോട്ടോക്കോള്‍ പ്രകാരം ഹോം തെറാപ്പിയാണ് ഏറ്റവും കാര്യക്ഷമമായ ചികിത്സാരീതി. രോഗികള്‍ക്ക് വീട്ടില്‍വെച്ചുതന്നെ ഫാക്ടര്‍ ചികിത്സ ചെയ്യാന്‍ ആവശ്യമായ ഘടകങ്ങള്‍ ലഭ്യമാക്കുകയാണ് ഹോം തെറാപ്പി.

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫാക്ടര്‍ എട്ടാമത്തെയോ ഒമ്പതാമത്തെയോ പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണിത്. ജീവിതകാലം മുഴുവന്‍ ഹീമോഫീലിയ രോഗികള്‍ക്ക് ചികിത്സ ആവശ്യമാണ്. മരുന്നുകള്‍ കാരുണ്യ ബെനവലെന്റ് സ്‌കീം വഴി ലഭിച്ചിരുന്നപ്പോള്‍ ഒരു ഡോസ് മരുന്ന് വീട്ടില്‍ സൂക്ഷിച്ചുവെക്കാനും രക്തസ്രാവം ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാനും സാധിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതിയെ നാഷണല്‍ ഹെല്‍ത്ത് മിഷനോടൊപ്പം ചേര്‍ത്ത് ആശാധാരപദ്ധതിയില്‍ ലയിപ്പിച്ചതിനാല്‍ ജില്ലാ ആശുപത്രികളിലെ നോഡല്‍ ഓഫീസര്‍ മുഖാന്തരം മാത്രമേ രോഗികള്‍ക്ക് മരുന്ന് ലഭിക്കുകയുള്ളൂ. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വീടുകളിലേക്ക് നല്‍കിയിരുന്നതാണ് നിര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തസ്രാവമുണ്ടാകുമ്പോള്‍ ഉടനടി മരുന്ന് നല്‍കണം. വൈകിയാല്‍ സാധാരണ എടുക്കുന്നതിനെക്കാള്‍ നാലിരട്ടിവരെ ഡോസ് മരുന്ന് ഉപയോഗിക്കേണ്ടിവരും. അപകടം, സര്‍ജറി ഉണ്ടാകുമ്പോള്‍ അത് പത്തിരട്ടിവരെയാവും.

രോഗി ഫാക്ടര്‍ 8, 9 മരുന്ന് ഏതെങ്കിലുമെടുത്താല്‍ 12 മുതല്‍ 24 മണിക്കൂര്‍ മാത്രമേ ഫലം നീണ്ടുനില്‍ക്കൂ. പിന്നീട് ശരീരത്തിന്റെ പ്രതികരണമനുസരിച്ച് രോഗിക്ക് 25,000ത്തോളം രൂപ വിലയുള്ള ‘ഫിബ 500’ മരുന്ന് അഞ്ച് യൂണിറ്റ് വരെ വേണ്ടിവരും. അപ്പോള്‍ ചെലവ് ഒന്നേകാല്‍ലക്ഷം രൂപയാകും. രക്തസ്രാവം നിലച്ചില്ലെങ്കില്‍ ഇതിലും കൂടുതല്‍ ഉപയോഗിക്കേണ്ടതായുംവരും.

രോഗിയുടെ ശരീരഭാരത്തെ ആശ്രയിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്. 60 കിലോഗ്രാം തൂക്കമുള്ളയാള്‍ക്ക് 1500 മുതല്‍ 5500 വരെ വിലയുള്ള ചുരുങ്ങിയത് നാല് വയല്‍ ഫാക്ടര്‍ മരുന്നാണ് ആവശ്യമായിവരുന്നത്. ഇങ്ങനെ മുന്‍കൂട്ടി അറിയാന്‍പറ്റാത്ത കേസുകളില്‍ മരുന്നിന്റെ ഉപയോഗം സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയിലും കൂടുതല്‍ രോഗികള്‍ക്ക് ആവശ്യമായിവരുന്നു.

കേരളത്തില്‍ 1650 രോഗികള്‍ ഉള്ളതില്‍ 400 പേര്‍ക്ക് ടാര്‍ഗറ്റ് ജോയന്റ് (സന്ധികളില്‍ അടിക്കടി രക്തസ്രാവം) ഉള്ളവരാണ്. ഇത്തരം രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ മരുന്ന് കൊടുക്കുന്ന രീതി അനുവര്‍ത്തിക്കണം. രക്തസ്രാവം തുടരുമ്പോള്‍ മരുന്ന് വീണ്ടും എടുക്കണം. 20-ഉം 30-ഉം തവണ ഹൈഡോസ് ഫാക്ടര്‍ മരുന്നുകള്‍ സ്വീകരിക്കുന്ന രോഗികളുണ്ട്.