
സ്വന്തം ലേഖകൻ
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ട് നാലര വർഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും മന്ത്രി സജി ചെറിയാൻ ഇതിന് മറുപടി പറയണമെന്നും മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്
നാലര വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ആ റിപ്പോർട്ടിൻമേൽ ഗവൺമെന്റ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് റിപ്പോർട്ട് 2020 ൽ വിവരാവകാശക്കമ്മീഷൻ വാങ്ങി പൂട്ടിവച്ചെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പറയുന്നത് ശുദ്ധമായ വിവരക്കേടാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് വിവരാവകാശക്കമ്മീഷനല്ല,സംസ്ഥാന ഗവൺമെന്റിനാണ്. ആ നിലയ്ക്ക് അതു പരിശോധിക്കേണ്ട ചുമതല സാംസ്കാരിക വകുപ്പിനും അതിന്റെ ചുമതലയുള്ള മന്ത്രിയ്ക്കും തന്നെയാണ് ‘ ആ റിപ്പോർട്ട് താൻ കണ്ടില്ലെന്നും വകുപ്പിന് പരിശോധിക്കാൻ അയച്ചെന്നും പറയുന്നത് അദ്ദേഹത്തിന്റെ കഴിവ്കേടാണ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലര കൊല്ലമായിട്ടും സാംസ്‌കാരിക വകുപ്പിന്റെ പരിശോധന പൂർത്തിയായില്ലേ ? പിന്നീട് ആ റിപ്പോർട്ട് വിവരാവകാശ കമ്മീഷൻ പൂട്ടി വെച്ചെന്നു പറഞ്ഞു ഒഴിഞ്ഞുമാറാനാണ് മന്ത്രി ഇപ്പോഴും ശ്രമിക്കുന്നത് .
ഇത് ഒരു മന്ത്രിയിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നതല്ല. എന്തുകൊണ്ടാണ് നാലരക്കൊല്ലമായിട്ടും ഈ റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പരിശോധന പൂർത്തിയാക്കാതെ പൂഴ്ത്തിവെച്ചതെന്ന കാര്യത്തിൽ ഉത്തരം പറയാൻ മുഖ്യമന്ത്രിക്കും സംസ്കാരിക വകുപ്പ് മന്ത്രിക്കും ബാധ്യതയുണ്ട്.
അതല്ലാതെ എന്തെങ്കിലും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് സാംസ്കാരിക മന്ത്രി കരുതരുതെന്നും കെ സി ജോസഫ് പറഞ്ഞു