play-sharp-fill
ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതു താത്പര്യമുള്ള വിഷയമാണ്, ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്ന് ഹൈക്കോടതി; റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഓഗസ്റ്റ് ആറിന് വീണ്ടും പരി​ഗണിക്കും, ഇടക്കാല ഉത്തരവ് തുടരും

ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതു താത്പര്യമുള്ള വിഷയമാണ്, ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്ന് ഹൈക്കോടതി; റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഓഗസ്റ്റ് ആറിന് വീണ്ടും പരി​ഗണിക്കും, ഇടക്കാല ഉത്തരവ് തുടരും

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഓഗസ്റ്റ് ആറിന് വിശദമായ വാദം കേൾക്കാനായി ഹൈക്കോടതി മാറ്റി. അതുവരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഇടക്കാല ഉത്തരവ് തുടരും.

അതേസമയം, പ്രസക്തമായ ചില ചോദ്യങ്ങള്‍ ബുധനാഴ്ച ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. പൊതുതാത്‌പര്യമുള്ള വിഷയമല്ലേയെന്നും ജസ്റ്റിസ് വി.ജി. അരുണിന്‍റെ സിംഗിള്‍ ബെഞ്ച് ചോദിച്ചു.

ഹർജിയിൽ പൊതുതാത്‌പര്യമില്ലെന്ന് ഡിവിഷൻബെഞ്ചുതന്നെ വ്യക്തമാക്കിയതാണെന്ന് വിവരാവകാശ കമ്മീഷന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരേ നിർമ്മാതാവ് എറണാകുളം സ്വദേശി സജിമോൻ പാറയിൽ നൽകിയ ഹർജി പരിഗണിക്കെയാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 24നാണ് സജിമോൻ പാറയിലിന്‍റെ ഹർജിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ഹൈക്കോടതി നല്‍കിയത്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.

നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. സജിമോൻ പാറയിലിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന നേരത്തെ രംഗത്ത് വന്നിരുന്നു. സ്വന്തം നിലയ്ക്കാണ് സജിമോൻ ഹർജിയുമായി കോടതിയിൽ പോയതെന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് റിപ്പോർട്ട്‌ പുറത്ത് വിടുന്നതിൽ എതിർപ്പില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് പ്രതികരിച്ചു.

സജിമോൻ സംഘടനയിൽ താൽക്കാലിക അംഗത്വം എടുത്തിരുന്നുവെന്നും രാഗേഷ് വിശദീകരിച്ചു.പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.