ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്; നാലര വർഷത്തോളമായി പൂഴ്ത്തിവെച്ചത് സ്വകാര്യതയിലേക്ക് കടക്കാതെ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു, ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവ്

Spread the love

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്.

video
play-sharp-fill

വിവരം പുറത്തുവിടുമ്പോള്‍ അവ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതാവരുത്. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

കൊട്ടിഘോഷിച്ച്‌ കമ്മിറ്റിയെ വെച്ച്‌ ഇടത് സർക്കാർ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ നാലര വർഷത്തോളമായി പൂഴ്ത്തിവെക്കുകയായിരുന്നു. റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിമാരടക്കം സിനിമാമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതല്‍ സാങ്കേതിക മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകള്‍ വരെ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത്. വ്യക്തികള്‍ക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകള്‍ ശരിവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്. 49 ആം പേജിലെ 96 ആം പാരഗ്രാഫ്, 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നാണ് ഉത്തരവ്.

മൊഴികളും അതിനനുസരിച്ചുള്ള തെളിവുകളും റിപ്പോർട്ടിലുണ്ടെന്നാണ് ഈ ഉത്തരവ് തന്നെ വ്യക്തമാക്കുന്നത്. പക്ഷെ ഉത്തരവനുസരിച്ച്‌ അവയൊന്നും പുറത്തുവരില്ല. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ളുസിസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടാക്കിയത്.

ഇന്ത്യയില്‍ തന്നെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ആദ്യ കമ്മിറ്റി. അത് വലിയ നേട്ടമായി ഇടത് സർക്കാർ ഉയർത്തിക്കാട്ടി.

പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് നല്‍കിയെങ്കിലും പുറത്തുവിടാതെ പൂഴ്ത്തിവെക്കാനായിരുന്നു സർക്കാറിൻ്റെ ശ്രമം. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്നം ഉയർത്തി സർക്കാർ ഒഴിഞ്ഞുമാറി.

ഇതിനിടെ റിപ്പോർട്ടിലെ ശുപാർശ പഠിക്കാൻ സർക്കാർ ഉദ്യോഗസ്ഥരടങ്ങുന്ന മറ്റൊരു കമ്മിറ്റിയുണ്ടാക്കിയതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. ലൊക്കേഷനില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവില്‍ വന്നത് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ പോയി അനുകൂല ഉത്തരവ് നേടിയതിന് പിന്നാലെ മാത്രമായിരുന്നു.

ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടായിട്ടും ഒളിച്ചുകളിച്ച സർക്കാറിന് വിവരാവകാശ കമ്മീഷൻ ഉത്തരവ് തിരിച്ചടിയാണ്. എല്ലാം പുറത്തുവരുന്നില്ലെങ്കിലും കുറെയെങ്കിലും വിവരങ്ങളെങ്കിലും പരസ്യമാകുകയാണ്.