
ഉറക്കത്തിനിടയില്‍ കാലുകളില്‍ അസ്വസ്ഥത അനുഭവപ്പെടുന്നവരുണ്ടാവും. ഉറങ്ങാൻ കഴിയാത്തവിധം കാലുകളില്‍ ചൊറിച്ചിലും തരിപ്പും വേദനയുമൊക്കെ തോന്നുന്ന ഈ അവസ്ഥയ്ക്ക് റെസ്റ്റ്ലസ് ലെഗ് സിൻഡ്രോം എന്നാണ് പറയുന്നത്.കാലുകളില്‍ അസ്വസ്ഥത തോന്നുന്നതിനാല്‍ ഇടയ്ക്കിടെ ചലിപ്പിക്കാനുള്ള പ്രവണത ഉണ്ടാകും. റെസ്റ്റ്ലസ് ലെഗ് സിൻഡ്രോമും വൃക്കരോഗവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഗവേഷകർ.
നാല് വൃക്കരോഗികളില്‍ ഒരാള്‍ റെസ്റ്റ്ലസ് ലെഗ് സിൻഡ്രോം മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് 2020-ല്‍ ഈജിപ്തില്‍ നിന്നുള്ള ഗവേഷകർ പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. ഗുരുതര വൃക്കരോഗങ്ങള്‍ ഉള്ളവരില്‍ റെസ്റ്റ്ലസ് ലെഗ് സിൻഡ്രോമിനുള്ള സാധ്യത 22 ശതമാനമായിരുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. വൃക്കരോഗത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് റെസ്റ്റ്ലസ് ലെഗ് സിൻഡ്രോമിനുള്ള സാധ്യതയും കൂടുന്നതായി കണ്ടെത്തി.
ഡയാലിസിസിലൂടെ കടന്നുപോകുന്നവരില്‍ ഈ സാധ്യത വീണ്ടും കൂടും. വൃക്കരോഗികളില്‍ അയേണിന്റെ കുറവ് പൊതുവേ കണ്ടുവരാരുണ്ട്, ഇതാവാം റെസ്റ്റ്ലസ് ലെഗ് സിൻഡ്രോം വരാനുള്ള പ്രധാനകാരണമെന്നും ഗവേഷകർ പറയുന്നു. വൃക്കരോഗികളില്‍ ഈ അവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് ശരീരത്തിനാവശ്യമായ അയേണ്‍ ലഭ്യമാക്കുന്ന തെറാപ്പികള്‍ ആരംഭിക്കുന്നത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും ഗവേഷകർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷണങ്ങള്‍
മിക്കപ്പോഴും വൈകുന്നേരങ്ങളിലോ രാത്രിയിലോ കാലുകള്‍ അനക്കാതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന അവസരങ്ങളിലാണ് അസ്വസ്ഥയുണ്ടാവുക. ഏതുപ്രായക്കാരേയും ബാധിക്കാമെങ്കിലും പ്രായംകൂടിയവരില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാകാം.
കാലുകള്‍ അനക്കാനുള്ള തോന്നലുണ്ടാവുകയാണ് പ്രധാനലക്ഷണം. കിടക്കുമ്ബോഴും കാലുകള്‍ ഏറെനേരം തൂക്കിയിട്ട് യാത്രചെയ്യുന്ന അവസരങ്ങളിലുമൊക്കെ തരിപ്പും ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. സ്ട്രെച്ച് ചെയ്യുകയോ, നടക്കുകയോ ചെയ്യുമ്ബോള്‍ ലക്ഷണങ്ങള്‍ കുറയുന്നതായും തോന്നും. സുഖകരമായ ഉറക്കം ലഭിക്കാത്ത അത്രയും റെസ്റ്റലസ് ലെഗ് സിൻഡ്രോം വലയ്ക്കുകയാണെങ്കില് വിദഗ്ധ ചികിത്സ തേടേണ്ടതും പ്രധാനമാണ്.
കാരണങ്ങള്‍
റെസ്റ്റലസ് ലെഗ് സിൻഡ്രോമിനു പിന്നിലെ യഥാർഥകാരണത്തേക്കുറിച്ച് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡോപമൈൻ എന്ന കെമിക്കലിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് കാരണമെന്നാണ് ഗവേഷകർ കരുതുന്നത്. നാല്പതുവയസ്സിനു മുമ്ബാണ് ഇത് ബാധിക്കുന്നതെങ്കില്‍ കുടുംബത്തിലെ മറ്റാർക്കെങ്കിലും ഈയവസ്ഥ ഉണ്ടായിരുന്നോ എന്നും സംശയിക്കണം. ഗർഭവും മറ്റ് ഹോർമോണ്‍ അസന്തുലിതാവസ്ഥകളും ചിലഘട്ടങ്ങളില്‍ കാരണമാകാറുണ്ട്.
സങ്കീർണതകള്‍
ഏതുപ്രായക്കാരേയും ബാധിക്കാമെങ്കിലും മുതിർന്നവരേയാണ് ഈയവസ്ഥ കൂടുതല്‍ ബാധിക്കുന്നത്. അതില്തന്നെയും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതല്‍ കാണാറുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നമല്ലെങ്കിലും ചിലസാഹചര്യങ്ങളില്‍ മറ്റ് ആരോഗ്യാവസ്ഥകള്ക്കൊപ്പം റെസ്റ്റലസ് ലെഗ് സിൻഡ്രോം പ്രകടമാകാറുണ്ട്.
പെരിഫെറല്‍ ന്യൂറോപ്പതി: മസ്തിഷ്കത്തിനും സുഷുമ്നാ നാഡിക്കും പുറത്തുള്ള നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് റെസ്റ്റലസ് ലെഗ് സിൻഡ്രോമിനും കാരണമാകാം.
അയണിന്റെ കുറവ്: ശരീരത്തില്‍ അയണിന്റെ അളവ് കുറയുന്നതും കാരണമാകാം.
വൃക്കരോഗങ്ങള്‍: വൃക്ക പരാജയം അയണ്‍ കുറവ്, അനീമിയ തുടങ്ങിയ ഘടകങ്ങളും സാധ്യത വർധിപ്പിക്കാം. വൃക്ക ശരിയായി പ്രവർത്തിക്കാതിരിക്കുമ്ബോള് രക്തത്തിലെ അയണിന്റെ അളവ് കുറയും.
സുഷുമ്നാ നാഡിക്കുണ്ടാകുന്ന തകരാറുകള്‍: സുഷുമ്നാ നാഡിക്കുണ്ടാകുന്ന തകരാറുകളോ ആഘാതങ്ങളോ റെസ്റ്റലസ് ലെഗ് സിൻഡ്രോമിലേക്ക് നയിക്കാം.
പാർക്കിൻസണ്‍സ് രോഗം: പാർക്കിൻസണ്‍സ് രോഗത്തിന് മരുന്നു കഴിക്കുന്നവരിലും റെസ്റ്റലസ് ലെഗ് സിൻഡ്രോം ലക്ഷണങ്ങള്‍ കാണപ്പെടാം.
ചികിത്സ
റെസ്റ്റലസ് ലെഗ് സിൻഡ്രോമിന്റെ ലക്ഷണങ്ങള്‍ മിക്കപ്പോഴും തനിയേ ഇല്ലാതാവുകയാണ് പതിവ്. എന്നാല്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഘട്ടങ്ങളില്‍ ചികിത്സ വേണ്ടിവരാം. ശരീരത്തില്‍ അയണിന്റെ അളവ് ഉറപ്പുവരുത്തുകയാണ് അതില്‍ പ്രധാനം. കൂടാതെ മസ്തിഷ്കത്തില്‍ ഡോപമൈന്റെ നില വർധിപ്പിക്കാനുള്ള മരുന്നുകളും നല്‍കാം. പേശികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ഉറക്കം സുഖകരമാക്കുകയും ചെയ്യുന്ന മരുന്നുകളും നല്‍കാറുണ്ട്.
ജീവിതചര്യയില്‍ വരുത്താവുന്ന മാറ്റങ്ങള്‍
റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോമിനെ പ്രതിരോധിക്കാൻ ജീവിതചര്യയിലും ചിലമാറ്റങ്ങള്‍ വരുത്താവുന്നതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുകയും കാലുകള്‍ മസാജ് ചെയ്യുകയും ചെയ്യുന്നത് പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ഉറക്കക്കുറവുമൂലം ക്ഷീണം വർധിക്കുന്നതും റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം ലക്ഷണങ്ങള്‍ കൂട്ടാം. അതിനാല്‍ കൃത്യമായ സമയത്തം ഉറങ്ങുക, നിശബ്ദമായതും വെളിച്ചമില്ലാത്തതുമായ ഇടം തിരഞ്ഞെടുക്കുക, എന്നും ഒരേസമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക തുടങ്ങിയവയൊക്കെ ഗുണംചെയ്യും. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തേണ്ടതും പ്രധാനമാണ്. അതേസമയം അത് അമിതമാകാതിരിക്കാനും ഉറക്കത്തിന് തൊട്ടുമുമ്ബ് ആകാതിരിക്കാനും ശ്രദ്ധിക്കണം. ഉറങ്ങാൻ പോകുന്ന#തിനുമുമ്ബുള് കഫീൻ ഉപയോഗവും നിർത്തണം.