നട്ടെല്ല് പൊട്ടിയ അമ്മയ്ക്ക് ചികിത്സനൽകാതെ മകന്റെയും മരുമകളുടെയും ക്രൂരത.പത്ത് മാസം നൊന്ത്‌പെറ്റ അമ്മയെ മകൻ തിരിഞ്ഞ് നോക്കാതായപ്പോൾ രക്ഷപെടുത്തിയത് കേരളപൊലീസ്.
സ്വന്തംലേഖകൻ
അഞ്ചാലുംമൂട്: നാലു ദിവസം മുമ്പ് വീടിന് സമീപത്ത് മറിഞ്ഞു വീണ് നട്ടെല്ലിന് സാരമായി പരിക്കുപറ്റിയ വൃദ്ധയെ അഞ്ചാലുംമൂട് പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഗുരുതര പരിക്ക് പറ്റിയിട്ടും വൃദ്ധയെ ആശുപത്രിയിലെത്തിക്കാതെ ഏകമകനും ഭാര്യയും ചേർന്ന് പീഡിപ്പിച്ചതായും ആരോപണമുണ്ട്.മതിലിൽ റോസ്റ്റി ഭവനിൽ നിര്യാതനായ തോമസിന്റെ ഭാര്യ പ്രസ്റ്റീന തോമസ് (68) നാണ് മറിഞ്ഞു വീണതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റത്. ഏക മകനായ ബോസ് പ്രകാശിനും മരുമകൾ മെർലിനും ഒപ്പമാണ് ഇവർ താമസിച്ചിരുന്നത്.ഇവർ തമ്മിൽ ദിനംപ്രതി വഴക്കു കൂടുമായിരുന്നെന്നും മകനും, മരുമകളും അമ്മയെ നോക്കാറില്ലെന്നും പ്രസ്റ്റീനയ്ക്ക് ചെറിയ രീതിയിലുള്ള മാനസിക പ്രശ്‌നം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. മകൻ ബോസ് പ്രകാശ് സെക്രട്ടറിയേറ്റ് ജീവനക്കാരനും, മരുമകൾ മെർലിൻ കൊല്ലം കോടതിയിലെ ജീവനക്കാരിയുമാണ്.നാല് ദിവസം മുമ്പ് മറിഞ്ഞ് വീണതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് വീട്ടിൽ കിടന്ന പ്രസ്റ്റീനയെ ആശുപത്രിയിലെത്തിച്ചില്ലെന്ന് വിവരം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ ഫ്രാൻസിസും നാട്ടുകാരും ചേർന്നാണ് പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പി.ആർ.ഒ റ്റി.രാധാകൃഷ്ണപിള്ള, സി.പി.ഒ റജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ ഇവരെ കുളിപ്പിച്ച് വൃത്തിയാക്കി .തുടർന്ന് ആംബുലൻസ് വരുത്തി ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിശോധനയിൽ നട്ടെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശം നൽകി. എന്നാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ട്‌പോകാതെ പ്രസ്റ്റീനയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോവാനായിരുന്നു മകന്റെ തീരുമാനം. ഇന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാം എന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്.