video
play-sharp-fill
ഇരുചക്ര വാഹനത്തിൽ നിന്നും കാണാതായ ഹെൽമറ്റ് മൂന്ന് കൈ മറിഞ്ഞ് ഒ.എൽ.എക്‌സിൽ ; ഒറ്റ രാത്രി കൊണ്ട് ഹെൽമെറ്റ് വീണ്ടെടുത്ത് ഉടമസ്ഥന് നൽകി പൊലീസ്

ഇരുചക്ര വാഹനത്തിൽ നിന്നും കാണാതായ ഹെൽമറ്റ് മൂന്ന് കൈ മറിഞ്ഞ് ഒ.എൽ.എക്‌സിൽ ; ഒറ്റ രാത്രി കൊണ്ട് ഹെൽമെറ്റ് വീണ്ടെടുത്ത് ഉടമസ്ഥന് നൽകി പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ നിന്നും കാണാതായ ഹെൽമെറ്റ് മൂന്ന് കൈമറിഞ്ഞ് ഒഎൽഎക്‌സ് സൈറ്റിൽ. ഒഎൽഎക്‌സിൽ വിൽക്കാൻ വച്ചിരുന്ന ഹെൽമെറ്റ് ഒറ്റരാത്രികൊണ്ട് പൊലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകി. ടെക്‌നോപാർക്ക് ജീവനക്കാരന്റെ ഇരുചക്ര വാഹനത്തിൽ നിന്നുമായിരുന്നു ഹെൽമെറ്റ് കാണാതായത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ ടെക്‌നോപാർക്ക് ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ട് സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിൽ തന്നെ ഹെൽമറ്റ് വച്ചിട്ട് പരിപാടിക്കു പോയി. രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോൾ ഹെൽമറ്റ് ഇല്ല. പരിസരത്തൊക്കെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മോഷണം പോയതായിരിക്കുമെന്നു കരുതി തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലകൂടിയ ഹെൽമറ്റ് നഷ്ടപ്പെട്ടതിൽ നിരാശനായ ജെറിൻ രണ്ടു ദിവസത്തിനുശേഷം പ്രമുഖ ഓൺലൈൻ വിൽപന വെബ്‌സൈറ്റായ ഒഎൽഎക്‌സ് സന്ദർശിച്ചപ്പോൾ കണ്ടത് 3000 രൂപ വിലയിട്ട് വിൽപനയ്ക്ക് വച്ചിരിക്കുന്ന സ്വന്തം ഹെൽമെറ്റായിരുന്നു. തുടർന്ന് ഇദ്ദേഹം വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുൾപ്പെടുത്തി രാത്രി തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അടുത്ത ദിവസം രാവിലെ 10.30 ന് സ്റ്റേഷനിൽ നിന്ന് വിളിയെത്തി. സ്റ്റേഷനിലെത്തി ഹെൽമറ്റ് പരിശോധിക്കാൻ പറഞ്ഞായിരുന്നു ആ ഫോൺകോൾ. ഇത്ര എളുപ്പത്തിൽ ഹെൽമറ്റ് തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന ജെറിൻ അവിശ്വസനീയതയോടെയാണ് സ്റ്റേഷനിലെത്തി പരിശോധിച്ച് തന്റേത് തന്നെയെന്ന് ബോധ്യപ്പെട്ടു ഹെൽമറ്റ് കൈപ്പറ്റി.

ഹെൽമറ്റിലുണ്ടായിരുന്ന ഉരവിന്റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാൻ ജെറിന് തുണയായത്. കേരള പൊലീസിന്റെ തക്കസമയത്തുളള പ്രവർത്തന മികവാണ് തനിക്ക് നഷ്ടമായ സാധനം ഇത്രവേഗം തിരികെ ലഭിക്കാൻ കാരണമായതെന്ന് ജെറിൻ പിന്നീട് ഫെയ്സ്ബുക്കിൽ കുറിച്ചു. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ കുറിപ്പ് പങ്കുവച്ചിരുന്നു.