play-sharp-fill
കയ്യിൽ രണ്ടു ഹെൽമറ്റ് കരുതിക്കോളൂ: മോട്ടോർ വാഹന വകുപ്പിന്റെ മുട്ടൻ പണി വരുന്നു: ഇരുചക്ര വാഹന യാത്രക്കാർ രണ്ടു പേരും ഇനി ഹെൽമറ്റ് ധരിക്കണം: കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കണം: പരിശോധന കർശനമാക്കി നടപടിയെടുക്കാൻ ഗതാഗത വകുപ്പിന്റെ ഉത്തരവ്

കയ്യിൽ രണ്ടു ഹെൽമറ്റ് കരുതിക്കോളൂ: മോട്ടോർ വാഹന വകുപ്പിന്റെ മുട്ടൻ പണി വരുന്നു: ഇരുചക്ര വാഹന യാത്രക്കാർ രണ്ടു പേരും ഇനി ഹെൽമറ്റ് ധരിക്കണം: കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കണം: പരിശോധന കർശനമാക്കി നടപടിയെടുക്കാൻ ഗതാഗത വകുപ്പിന്റെ ഉത്തരവ്

സ്വന്തം ലേഖകൻ
കോട്ടയം: ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ രണ്ടു പേരും ഹെൽമറ്റ് ധരിക്കുന്നതും, കാറുകളിലെ മുൻ സീറ്റിലെയും പിൻസീറ്റിലെയും യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നതും നിർബന്ധമാക്കി ഗതാഗതവകുപ്പിന്റെ ഉത്തരവ്. ഇത് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്, പൊലീസ് എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ ഉറപ്പു വരുത്തണമെന്നും ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐ.എ.എസ് ഗതാഗത വകുപ്പ് കമ്മിഷണർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ജൂലായ് ആറിന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ പരാമർശിച്ചുകൊണ്ടാണ് വകുപ്പ് സെക്രട്ടറിയുടെ കത്ത് ആരംഭിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തിൽ വ്യക്തമാക്കുന്നു. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോഴും ഇത് നടപ്പിലാക്കുന്നില്ലെന്നാണ് മനസിലാകുന്നത്. മാധ്യമങ്ങൾ അടക്കമുള്ളവർ ഹെൽമറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ധരിക്കാതെയുമുള്ള യാത്രകളെ പ്രോസ്താഹിപ്പിക്കുകയാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല.
ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും, പൊലീസിന്റെയും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന ശക്തമാക്കണമെന്നും ഗതാഗതവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ, ആദ്യ ഘട്ടമായി നടപടിയെടുക്കുന്നതിന് മുന്നോടിയായി ബൈക്ക് യാത്രക്കാർക്കും, കാർ യാത്രക്കാർക്കും ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഇതിനു ശേഷമാവും പിഴ ഈടാക്കൽ അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുക.