
യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് കുമരകം സ്വദേശിയായ പൈലറ്റ് അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്; നിലത്ത് പതിക്കുമ്പോഴുള്ള സ്പാര്‍ക്ക് മൂലം വലിയ പൊട്ടിത്തെറി സംഭവിക്കാമായിരുന്ന സാഹചര്യത്തിലും മനോധൈര്യം കൈവിട്ടില്ല; കനത്ത കാറ്റിലും മഴയിലും രണ്ട് എഞ്ചിനും നിശ്ചലമായി; ചതുപ്പ് നിലത്തിലേക്ക് കോപ്റ്റര്‍ ഇറക്കിയത് അതിസാഹസികമായി
സ്വന്തം ലേഖകന്‍
കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് മലയാളി പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്. വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന സാഹചര്യത്തെ അസാമാന്യ കഴിവ് കൊണ്ടാണ് ഇരുവരും ചേര്‍ന്ന് നേരിട്ടത്.
നേവിയില്‍ ഒരു ഷിപ്പിന്റെ സിഇഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളുരുവില്‍ മിലിട്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 21 ാം വയസ്സിലാണ് ആദ്യമായി അദ്ദേഹം വിമാനം പറപ്പിക്കുന്നത്. ഇപ്പോള്‍ 51 വയസ്സുണ്ട്. സഹ പൈലറ്റായി ഉണ്ടായിരുന്നത് പൊന്‍കുന്നം ചിറക്കടവ് സ്വദേശിയായ ശിവകുമാറായിരുന്നു. ശിവകുമാര്‍ അശോക് കുമാറിനെക്കാള്‍ സീനിയറാണെങ്കിലും അപകട ദിവസം സഹ പൈലറ്റായിരുന്നു. ഇരുവരും ഇപ്പോള്‍ എറണാകുളത്താണ് കുടുംബ സമേതം താമസം.
പറക്കുന്നതിനിടെ രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ഒഡബ്ലിയു 109വിനു നിയന്ത്രണം നഷ്ടമായത്. ഒപ്പം കനത്ത കാറ്റും മഴയും. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളില്‍ നിന്നു നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഓട്ടോ റൊട്ടേഷനിലായിരിക്കും. ഒരു ചെറിയ കാറ്റില്‍ പോലും ലക്ഷ്യസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാവില്ലെന്ന സാഹചര്യത്തിലാണ് അശോക് കുമാറും സഹ പൈലറ്റും ചതുപ്പുനിലത്തിറക്കാനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചത്.
യൂസഫലിയും കുടുംബവും ഇരുന്നതിന്റെ തൊട്ടടുത്ത് തന്നെയാണ് എഞ്ചിന്‍ സിസ്റ്റവും. ചെരിഞ്ഞായിരുന്നു കോപ്റ്റര്‍ വീഴിരുന്നതെങ്കില്‍ മെയിന്‍ റോട്ടര്‍ ബ്ലേയ്ഡ് നിലത്തു മുട്ടുകയും ശക്തിയായുള്ള കറക്കം മൂലം കോപ്റ്റര്‍ ദൂരേക്ക് തെറിച്ചു വീണ് പൊട്ടിത്തെറിക്കുകയും ചെയ്യും. ചതുപ്പില്‍ വെള്ളവും ചെളിയും ഉള്ളതിനാലും നേരെ വന്ന് പതിച്ചതിനാലുമാണ് അപകടമൊന്നും സംഭവിക്കാഞ്ഞത്.
അപകടത്തില്‍ പെട്ടത് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ അഗസ്റ്റ 109 എന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററാണ്. ഒരു തവണ ഇന്ധനം നിറച്ചു പറന്നു പൊങ്ങിയാല്‍ 932 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള ഇതിന്റെ വില ഏകദേശം 43 കോടിരൂപ വരും.
ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട ഇത് ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളുടെ വിഭാഗത്തില്‍പെട്ട മള്‍ട്ടി പര്‍പ്പസ് ഹെലികോപ്റ്ററാണ്. 4പ്ലസ് ടു ആണ് സീറ്റിങ് കപ്പാസിറ്റി. 1590 കിലോയാണ് ഭാരം. ഇറ്റലിയില്‍ ആദ്യമായി വ്യവസായ അടിസ്ഥാനത്തില്‍ വന്‍തോതില്‍ നിര്‍മ്മിക്കപ്പെട്ട ഹെലികോപ്റ്ററാണ് എ.ഡബ്ലിയു109. മണിക്കൂറില്‍ 285 കിലോമീറ്ററാണ് കൂടിയ വേഗം.