നാട്ടുകാരുടെ ഹീരാപ്പൻ: കഞ്ചാവിന്റെ കാരിയർ; ഒരു നാട്ടിലെ കുട്ടികളെ വഴിതെറ്റിക്കുന്ന ഹീരാലാൽ ഒടുവിൽ പൊലീസിന്റെ വലയിലായി
ക്രൈം ഡെസ്‌ക്
ചിങ്ങവനം: വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായെങ്കിലും, കഞ്ചാവും ലഹരിയും അടക്കം വിൽക്കുകയും നാട്ടുകാർക്ക് ഭീഷണിയായി മാറുകയും ചെയ്ത ഹീരാലാൽ ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൊല്ലാട് ദേവലോകം ചൂളകവല മഠത്തിൽ ഹീരാലാലിനെയാണ് (28) ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. നാട്ടുകാർക്ക് നിരന്തരം ശല്യമായി മാറിയ കഞ്ചാവ് മാഫിയ ഇടപാടുകാരൻ ഹീരാലാലിനെപ്പറ്റി നിരവധി പരാതികളാണ് നാട്ടുകാർ ഉയർത്തിയിരുന്നത്.
കൊല്ലാട് ചൂളക്കവല ഭാഗത്തെ ഇയാളുടെ വീടിനോട് ചേർന്ന ചെറിയ കട കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരായിരുന്നു ഇയാളുടെ ഇടപാടുകാർ. കമ്പത്തു നിന്നും തേനിയിൽ നിന്നും ബംഗളൂരുവിൽ നിന്നും വാങ്ങുന്ന കഞ്ചാവ് സ്‌കൂൾ വിദ്യാർത്ഥികൾക്കം അടക്കം ചെറു പൊതികളാക്കി മാറ്റി വിൽപ്പന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
സംസ്ഥാനത്തിനു പുറത്തായിരുന്നു ഹീരാലാലിന്റെ പ്രധാന വിഹാര കേന്ദ്രങ്ങൾ. ബംഗളൂരുവിൽ നിരവധി മാല മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഇവിടെ അടിപിടിയും വധശ്രമവും അടക്കമുള്ള കേസുകളിൽ പ്രതിയായ ഇയാളെ കർണ്ണാടക പൊലീസ് അന്വേഷിച്ച് വരികയാണ്. ബംഗളൂരുവിൽ അടക്കമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമക്കേസിൽ അടക്കം കുടങ്ങിയതോടെ, ഈ കേസുകളുടെ നടത്തിപ്പിനായാണ് ഇയാൾ കഞ്ചാവ് കടത്തിലേയ്ക്കും വിൽപ്പനയിലേയ്ക്കും കടന്നത്.
തനിക്ക് വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു പ്രധാന ഇടപാടുകാർ. കഞ്ചാവ് നൽകുന്നതിനായി ഇവരിൽ നിന്നും മൊബൈൽ ഫോണുകളും, സ്വർണമാലകളും അടക്കം ഹീരാലാൽ പണയമായി സ്വീകരിച്ചിരുന്നു. ഈ ഫോണിന് അടിസ്ഥാന വിലയിട്ട ശേഷം ഈ വില തീരും വരെ കഞ്ചാവ് നൽകുന്ന രീതിയും ഇയാൾ സ്വീകരിച്ചിരുന്നു. നാട്ടുകാർക്ക് സ്ഥിരം ശല്യമായ ഹീരാലാലിനെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഉദ്യോഗസ്ഥർക്ക നിർദേശം നൽകുകയായിരുന്നു. പ്രതിയുടെ കൈവശം കഞ്ചാവ് എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം കോട്ടയം ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ദിവസങ്ങളോളമായി നിരീക്ഷണം നടത്തുകയായിരുന്നു. തുടർന്ന് എസ്‌ഐമാരായ ടി.ജെ. ബിനോയി, തോമസ് ജോർജ്. എഎസ്‌ഐ ഐ. സജികുമാർ, എസ്പിസിഒമാരായ പി.എൻ. മനോജ്, പ്രദീപ്, സിപിഒമാരായ ദിലീപ് വർമ, ബാലഗോപാൽ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.