സംസ്ഥാനത്ത് കനത്ത മഴ ; കോട്ടൂരിൽ കാർ ഒഴുകി പോയി , നിരവധി ഇടങ്ങളിൽ ഉരുൾപ്പൊട്ടി
സ്വന്തം ലേഖിക
തിരുവനന്തപുരം : തുലാവർഷം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇതേത്തുടർന്ന് എല്ലാ ജില്ലകളിലും ഇന്ന് േെല്ലാ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇന്നലെ പെയ്ത കനത്ത മഴയിൽ കോട്ടൂർ അഗസ്ത്യവന മേഖലയിൽ കാർ ഒഴുകി പോയി. അഗസ്ത്യവനത്തിനുള്ളിലെ കോട്ടൂർ വാലിപ്പാറ റോഡിൽ മൂന്നാറ്റുമുക്കിലാണ് കാർ ഒഴിക്കിൽപ്പെട്ടത്. വെള്ളത്തിലേക്ക് ഇറങ്ങിയ കാർ മുന്നോട്ട് പോകാനാകാതെ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കിൽ പെടുകയായിരുന്നു. രണ്ടുപേർ കാറിൽ നിന്നും ചാടിരക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അരകിലോമീറ്ററോളം ഒഴുകിപ്പോയ കാറിൽ നിന്നും ഡ്രൈവറെ പ്രദേശവാസിയായ സുനിൽകുമാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണൻ നായർ, വിഴിഞ്ഞം സ്വദേശി ഷമീർ , പോത്തൻകോട് സ്വദേശി നാസർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
മഴശക്തമായതോടെ തിരുവനന്തപുരം അമ്പൂരിയിലെ കുന്നത്തുമല ഓറഞ്ചുകാടിൽ വൈകീട്ടോടെ ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ തോട് ഗതിമാറി ഒഴുകി. ഒരേക്കറോളം കൃഷി ഭൂമി ഒലിച്ചു പോയി.ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട് ബാലുശ്ശേരിക്കടുത്തും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.