
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും രണ്ടുദിവസത്തേക്ക് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഹെഡ് ക്വാർട്ടേഴ്‌സ് വിട്ട് പോകാൻ പാടില്ലെന്നും അതത് ഓഫീസുകളിൽ ഉണ്ടായിരിക്കമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിട്ടു.
പൊലീസ്, ആരോഗ്യം, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി, പൊതുമരാമത്ത് റോഡ്, പൊതുമരാമത്ത് കെട്ടിടവിഭാഗം, തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, ഹൈഡ്രോളജി റോഡ്സ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ മേധാവികൾ കാലാവസ്ഥാ മാറ്റത്തെ ജാഗ്രതയോടെ വീക്ഷിച്ച് നടപടികൾ സ്വീകരിക്കണം. അതത് വകുപ്പുകൾ പ്രാദേശികതലത്തിൽ ഉദ്യോഗസ്ഥരെ ഏകോപന ചുമതല നൽകി നിയോഗിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രജല കമ്മീഷൻ മണിമലയാറിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇറിഗേഷൻ, ഫയർ, പൊലീസ് വകുപ്പുകളും തഹസിൽദാർമാരും ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടെങ്കിൽ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം.
പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകളിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വിന്യസിക്കണം. ഡെപ്യൂട്ടി തഹസിൽദാർമാരെ പ്രകൃതിക്ഷോഭ സാധ്യത പ്രദേശങ്ങളിൽ പ്രത്യേകം നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പാലാ ആർ.ഡി.ഒ.യെ നിയോഗിച്ച് ഉത്തരവായി.