ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി; സെപ്റ്റംബറിനകം ഘടിപ്പിക്കണം; സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുൻസീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.
കെ.എസ്.ആര്‍.ടി.സി.ക്കും നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര നിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍ വരെ സമയം അനുവദിച്ചിട്ടുള്ളത്.
പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്.
കാബിനുള്ള ബസുകളില്‍ (ടൂറിസ്റ്റ് കോണ്‍ട്രാക്‌ട് കാര്യേജുകള്‍) ഡ്രൈവര്‍ക്കും മുന്നില്‍ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കാബിനില്ലാത്ത ബസുകളില്‍ (റൂട്ട് സര്‍വീസ്) ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.