വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; പ്രളയ സാധ്യത ഇതുവരെ ഇല്ല, സംസ്ഥാനത്ത് 66 ക്യാമ്പുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്: 1894 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് മന്ത്രി കെ രാജൻ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും ഡാമുകളില്‍ വെള്ളം നിർത്തരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും നിർദേശം നല്‍കിയാതായി കെ രാജൻ കൂട്ടിച്ചേർത്തു.

മഴയെ തുടർന്ന് പല ജില്ലകളിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏഴു വീടുകള്‍ പൂർണ്ണമായി തകർന്നു. 181 വീടുകള്‍ ഭാഗികമായി തകർന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാൻ ഇനിയും ധാരാളം അപകടങ്ങള്‍ ഉണ്ട്. നിലവിലെ ന്യൂനമർദം തീവ്ര ന്യൂനമർദമാകും. ഉച്ചയ്ക്കുശേഷം തീവ്ര ന്യൂനമർദ്ദം കരയില്‍ പ്രവേശിക്കും. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത.

ജൂണ്‍ 5 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. 6 -12 വരെ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. പൊന്മുടിയില്‍ മണിക്കൂറില്‍ 54 കിലോമീറ്റർ, പൊന്മുടി 44, റാന്നി 44 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശി. മഴക്കൊപ്പം കാറ്റ് വീശുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് 66 ക്യാമ്ബുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. 1894 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി പാർപ്പിച്ചു. 6 ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാൻ കഴിയുന്ന നാലായിരത്തോളം ക്യാമ്ബുകള്‍ ഒരുക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണ പ്രകാരം അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിമാർ വിനിയോഗിക്കണം.തോട്ടപ്പള്ളി സ്പില്‍വേയുടെ 36 ഷട്ടറുകള്‍ ഇപ്പോള്‍ തുറന്നു. തണ്ണീർമുക്കത്തും എല്ലാ ഷട്ടറുകളും തുറന്നു.അന്ധകാര നാഴിയില്‍ 20 ഷട്ടറുകളില്‍ ഏഴെണ്ണമാണ് തുറന്നിട്ടുള്ളത്. മഴ ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ രാത്രി യാത്രകള്‍ ഒഴിവാക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വാർത്തകള്‍ നല്‍കിയാല്‍ കേസെടുക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.