ശക്തമായ മഴ;നദികളിൽ ജലനിരപ്പുയരുന്നു; കടത്ത് നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി ബൈരക്കുപ്പ പഞ്ചായത്ത്;

Spread the love

പുല്‍പ്പള്ളി: വയനാട്ടിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കടത്ത് നിര്‍ത്താന്‍ നിര്‍ദേശം. പുല്‍പ്പള്ളി മേഖലയിലെ പുഴകളിലെ കടത്തു സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ബൈരക്കുപ്പ പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളായതിനാല്‍ തന്നെ ഇവിടെയുള്ള തോണി സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നത് ഇവിടെയുള്ള പ്രാദേശിക ഭരണകൂടങ്ങളാണ്. നിലവില്‍ ബൈരക്കുപ്പ, മരക്കടവ് എന്നിവിടങ്ങളിലെ തോണി സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശമാണ് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നിരുന്ന കബനിയിലൂടെ തോണിസര്‍വ്വീസ് നടത്തിയ ബൈരക്കുപ്പ പഞ്ചായത്തിന്റെ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പുള്ള നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് ഇത്തവണ കടത്ത് നിര്‍ത്താനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥികള്‍ അടക്കം ഏറെ പേര്‍ ആശ്രയിക്കുന്ന കടത്തായതിനാല്‍ തന്നെ മഴ കനത്താല്‍ പഠനം മുടങ്ങുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ബൈരക്കുപ്പയെ ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനില്‍ക്കുകയാണെങ്കിലും ഫലവത്തായ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

കര്‍ണാടക-കേരള സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുത്താല്‍ മാത്രമെ പാലം യാഥാര്‍ഥ്യമാകൂ. എന്നാല്‍ എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും സാധാരണക്കാരുടെ വോട്ട് തട്ടാനുള്ള ഉപായം മാത്രമായി ബൈരക്കുപ്പ പാലം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.