
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം മഴ ശക്തമായി തുടരും. തെക്കൻ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് തുടരും. മഴ മുന്നറിയിപ്പുള്ളതിനാൽ തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ്നാട് പെരിയാർ നദിയിലേക്ക് വെള്ളമൊഴുക്കും. നിലവിൽ 135.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.