ഇന്നും മഴ തുടരും; നാല് ജില്ലകളിൽ റെഡ് അലർട്ട്: കോട്ടയത്തും ഓറഞ്ച് അലേർട്ട്
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാൽ രണ്ടാം നിർദ്ദേശം നൽകും.
142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി.ഈ ഘട്ടത്തിലെത്തിയാൽ സ്പിൽവെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്‍റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്. ചപ്പാത്ത്, വള്ളക്കടവ്, ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സെക്കന്‍റിൽ പതിനാലായിരം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായില്ല. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്.
വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറില്‍ 66 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്കയം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാം സൈറ്റിലേക്കുള്ള റോഡും പാലവും തകർന്നിട്ടുണ്ട്.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ അതീവജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. അട്ടപ്പാടി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുളള ഉണ്ണിമല ഉൾപ്പെടെയുളള മേഖലളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുളള നടപടികൾക്ക് തുടക്കമായി.
കഴിഞ്ഞ വർഷം ഉരുൾ പൊട്ടിയ ഇരുമ്പകച്ചോല ഭാഗത്തെ ആളുകളെ മാറ്റിപ്പാർച്ചു.