കേരളത്തിൽ വീണ്ടും കനത്ത മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്. വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നതെന്നും കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ ആകാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നു കനത്ത മഴയ്ക്കും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യതയുള്ളത്.