കനത്ത മഴ: തീക്കോയിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് നാല് മരണം
സ്വന്തം ലേഖകൻ
തീക്കോയി: കനത്ത മഴയിൽ വീട്ടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് നാല് മരണം. തീക്കോയി വില്ലേജിൽ വെള്ളികുളം കോട്ടിറിക്കൽ പള്ളിപ്പറമ്പിൽ മാമിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്. മാമി എന്നു വിളിക്കുന്ന റോസമ്മ (85), മകള്‍ മോളി (50) ചെറുമക്കള്‍ ടിന്‍റു (9), അല്‍ഫോന്‍സ (8) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകന്‍ ജോമോന്‍ (17) പരുക്കേറ്റ് ആശുപത്രിയില്‍. ഏഴ് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. 3 പേര്‍ പരിക്കുകളോടെ ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ ചികിത്സയിൽ.
ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ രക്ഷാപ്രവർത്തകരെത്തി, വീട് പൂർണമായും പൊളിച്ചു മാറ്റിയ ശേഷം പുറത്തെടുത്തെങ്കിലും നാലു പേർ മരിച്ചു.ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് ബുധനാഴ്ച പകൽ മുഴുവൻ വൻ നാശമുണ്ടായിരുന്നു. ഈ വീട് ഇരിക്കുന്ന പ്രദേശത്ത് പെട്ടന്ന് മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു. സംഭവം അറിഞ്ഞ് യുവജന പക്ഷം സംസ്ഥാന പ്രസിഡന്റ് ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. രാത്രി മുഴുവൻ ഇവർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പതിനൊന്നരയോടെയാണ് എല്ലാവരെയും പുറത്തെടുത്തത്. ജെ.സിബി ഉപയോഗിച്ച് വീട് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. വീട് പൂർണമായും തകർന്നിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.