കനത്ത കാറ്റും മഴയും: കോട്ടയത്ത് വൻ നാശം; പന്ത്രണ്ട് വീടുകൾ തകർന്നു തരിപ്പണമായി
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത കാറ്റിലും മഴയിലും കോട്ടയം നഗരത്തിൽ വൻ നാശം. ഇടിയും മിന്നലും അതിവേഗത്തിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഉറങ്ങിക്കിടന്നയാൾക്കു പരിക്കേറ്റു. മള്ളൂശേരി പ്ലാക്കുഴിയിൽ ജെനി തോമസി (32) നാണ് പരിക്കേറ്റത്. വീടിനു മുകളിൽ മരം വീണപ്പോൾ, മേൽക്കൂര തകർന്ന് ഇയാളുടെ തലയിൽ ഫാൻ പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരപരിധിയിൽ മാത്രം മുപ്പതിലേറെ വീടുകൾക്കു നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന. ചുങ്കം മള്ളൂശേരി മേഖലയിൽ 12 വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്. മിക്ക വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നു പോയി. ഒരു വീട്ടിലെ ഫാൻ തകർന്നു വീണു. ചുങ്കം പഴയ സെമിനാരി ഭാഗത്തെ അഞ്ചു വീടുകൾ പൂർണമായും തകർന്നു. മരങ്ങൾ മറിഞ്ഞു വീണും കാറ്റിൽ മേൽക്കുര പറന്നു പോയുമാണു നാശമുണ്ടായത്. നഗരസഭയിലെ 49-ാം വാർഡിൽ മീനച്ചിലാറിന്റെ കരയിൽ താമസിക്കുന്ന ചേരിക്കൽ ഷിബു, കുഞ്ഞുമോൻ, സോമൻ, പ്രസാദ് ഭവനിൽ പ്രസാദ്, സത്യൻ എന്നിവരുടെ വീടുകളാണു തകർന്നത്. സോമന്റെ വീടിനു മുകളിലേക്കാണു മരം കടപുഴകി വീണത.് മറ്റു വീടുകളുടെ മേൽക്കുരകൾ കാറ്റിൽ പറന്നു പോവുകയും ചെയ്തു.
തൂത്തൂട്ടി ഭാഗത്തും നിരവധി വീടുകൾക്കു കാറ്റിൽ നാശമുണ്ടായി. മരക്കൊമ്പുകൾ വീണു വൈദ്യുതി ലൈൻ പൊട്ടി വീണതിനെത്തുടർന്നു പ്രദേശത്തു വൈദ്യുതി ബന്ധം തകരാറിലായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. തെക്കൻ പ്രദേശങ്ങളിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വന്നവർക്കു എം.സി. റോഡ് വഴി മെഡിക്കൽ കോളജിലേക്കു പോകേണ്ടി വന്നു.
വാരിശ്ശേരി വാഴക്കാമറ്റത്ത് മണലേൽ എം.എൻ.ശശിയുടെ വീടിനു മുകളിലേക്ക് സമീപപറമ്പിലെ മരങ്ങൾ കടപുഴകി വീണു വീടു തകർന്നു. പുളി, കമുക്,കൊന്ന തുടങ്ങിയ മരങ്ങളാണ് വീടിനുപുറത്തേക്ക് മറിഞ്ഞുവീണത്. വീടിനുള്ളിൽ നിൽക്കുകയായാിരുന്ന ശശിയുടെ ഭാര്യ അശ്വതിക്ക് പരുക്കേറ്റു.
അയ്മനം പഞ്ചായത്തിലും കാറ്റ് വ്യാപക നാശമുണ്ടായി. കല്ലുമട ഭാഗത്തു നിരവധി വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലും കോട്ടയം നഗരസഭയുടെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണമായി തടസപ്പെട്ടു. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ജോലികൾ തുടരുകയാണ്.
മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള വൻമരം കടപുഴകി വീണു. മരം വീഴുന്ന സമയത്ത് ആശുപത്രി പരിസരത്ത് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി വന്ന വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അപകടമുണ്ടായില്ല. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റി.
ചുങ്കം – മെഡിക്കൽ കോളേജ് റോഡിൽ എട്ടിടത്താണ് മരം കടപുഴകി വീണത്. ഇന്നലെ രാത്രി എട്ടരയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് ഇവിടെ പലയിടത്തും മരം വീണത്. ആദ്യം ചുങ്കം റോഡിലാണ് കൂറ്റൽ മരം കടപുഴകി വീണത്. ഇടിയേറ്റ് കത്തിയ മരം വൻ ശബ്ദത്തോടെ പെടന്നു വീഴുകയായിരുന്നു. ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തുടർന്നു വാരിശേരി, കുടമാളൂർ, അമ്പാടിക്കവല , കുടമാളൂർ പള്ളി, പനമ്പാലം, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെല്ലാം വൻ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ചുങ്കത്ത് കൂറ്റൻ മരം കടപുഴകി വീണതിനാൽ അഗ്‌നിരക്ഷാ സേനയ്ക്കു പോലും കുടമാളൂരിൽ വീണ മരം നീക്കാൻ എത്താനാവാത്ത സ്ഥിതിയായി. തുടർന്നു ഒരു യൂണിറ്റ് സേനാ വാഹനം എം.സി റോഡ് കുമാരനല്ലൂർ വഴി കുടമാളൂരിൽ എത്തുകയായിരുന്നു.
കുടമാളൂർ – പനമ്പാലം പ്രദേശങ്ങളിൽ ഗതാഗത തടസം രൂക്ഷമായതോടെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മരം വെട്ടിമാറ്റി ഗതാഗതം താല്കാലികമായി പുനസ്ഥാപിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ എബി സി.ജോൺ, മനു, ജോസ്‌മോൻ, ജൂബിൻ, ജോണി, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് റോഡിൽ വീണ മരങ്ങൾ വെട്ടിമാറ്റിയത്.